• അറക്കടവ് പാലം
ഓയൂർ :വെളിയം, കരീപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറക്കടവ് പാലത്തിന്റെ നിർമാണ പൂർത്തീകരണ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ.
2017-ൽ കിഫ്ബിയിൽനിന്നു 10.28 കോടി ചെലവിൽ പാലം നിർമിക്കുന്നതിന് അനുമതി ലഭിച്ചിരുന്നു. 2018-ൽ പൈലിങ്ങും ആരംഭിച്ചു. എന്നാൽ 2018-ലുണ്ടായ പ്രളയത്തിൽ ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ പാലത്തിന്റെയും അനുബന്ധ പാതയുടെയും ഘടന മാറ്റേണ്ടിവന്നു. തുടർന്ന് കരാറിൽനിന്ന് പിന്മാറിയ സാഹചര്യത്തിൽ 2021-ൽ കരാറുകാരനെ ഒഴിവാക്കി.
പാലത്തിന്റെ അപ്രോച്ച് സ്ലാബ്, രണ്ടരക്കിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡ് നിർമാണം, ഡ്രെയിനേജ് സ്ലാബ്, സംരക്ഷണഭിത്തി എന്നിവയുടെ നിർമാണം, നദീതീര സംരക്ഷണം, വൈദ്യുതി-ജലസേചന ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കൽ എന്നിവ ഉൾപ്പെടുത്തി പുതുക്കിയ തുക നിശ്ചയിച്ചു.
2022 മാർച്ചിൽ ബാക്കി 10.02 കോടിയുടെ റീടെൻഡർ ചെയ്തെങ്കിലും തുടർച്ചയായ മൂന്ന് റീ ടെൻഡറുകളിലും കരാറുകാരുടെ മതിയായ പങ്കാളിത്തം ഉണ്ടായില്ല. 2022 ഓഗസ്റ്റിൽ നടന്ന നാലാമത്തെ റീ ടെൻഡറിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല. എത്രയും പെട്ടെന്ന് പാലംപണി പൂർത്തിയാക്കാൻ നിർവഹണ ഏജൻസിക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..