ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് മയ്യനാട് കെ.പി.എം. മോഡൽ സ്കൂളിന്


1 min read
Read later
Print
Share

Caption

കൊട്ടിയം : മാതൃഭൂമി സീഡിന്റെ ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയത്തിനുള്ള അവാർഡ് മയ്യനാട് കെ.പി.എം. മോഡൽ സ്കൂളിന്. പരിസ്ഥിതിസംരക്ഷണത്തിന് സീഡുമായി ചേർന്ന്‌ വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയാണ് സ്കൂളിനെ തിരഞ്ഞെടുത്തത്. നെൽക്കൃഷി, വീട്ടിലും സ്കൂളിലും ജൈവ പച്ചക്കറിത്തോട്ടം, മധുരവനം, ജല-ഊർജ സംരക്ഷണം, പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, വാഴയ്ക്കൊരു കൂട്ട്, എന്റെ തെങ്ങ്, നാട്ടുമാവിൻചോട്ടിൽ, സീസൺ വാച്ച്, സീഡ് റിപ്പോർട്ടർ, ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങൾ, സീഡ് പോലീസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരേ തെരുവുനാടകം, വാട്ടർ ബെൽ, സാമൂഹികപ്രവർത്തനങ്ങളിൽ നടത്തിയിട്ടുള്ള സമഗ്ര ഇടപെടൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള സന്ദർശനങ്ങൾ എല്ലാം പരിഗണിച്ചായിരുന്നു അവാർഡ് നിർണയം. 2015-ൽ കെ.പി.എം. മോഡൽ സ്കൂളിൽ ആരംഭിച്ച മാതൃഭൂമി സീഡ് ക്ലബ് 2022-23ലും മികച്ച പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. സമൂഹനന്മ കുട്ടികളിലൂടെ എന്ന ആപ്തവാക്യം നെഞ്ചേറ്റിയാണ് സീഡ് ക്ലബ്ബിന്റെ പ്രവർത്തനം. ഡോ. പി.കെ.സുകുമാരൻ ചെയർമാനായി നേതൃത്വം നൽകുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ ടി.സുനുവാണ്. പൂർണമായും ഹരിതവിദ്യാലയമായി മാറിയ കെ.പി.എമ്മിന്റെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ സമൂഹനന്മയെ മുറുകെപ്പിടിക്കുന്നതായി സീഡ് ക്ലബ്ബിന്റെ ആരംഭകാലംമുതൽ ടീച്ചർ കോ-ഓർഡിനേറ്ററായി കുട്ടികളെ നയിക്കുന്ന അധ്യാപിക മായ പറയുന്നു. രക്തദാനം, കാൻസർ ബോധവത്‌കരണം, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർഥികളെപ്പോലെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുന്നു. വിദ്യാർഥികളിലൂടെ ഒരു സമൂഹത്തെത്തന്നെ മാറ്റാൻ സീഡ് ക്ലബ്ബിലൂടെ കഴിഞ്ഞു എന്നതിൽ കെ.പി.എം. സീഡ് ക്ലബ്ബിന് അഭിമാനിക്കാം. പ്രകൃതിയുമായി യോജിച്ച്‌ സുസ്ഥിരമായി ജീവിക്കാൻ പാലിക്കേണ്ട ശീലങ്ങളെക്കുറിച്ച് സീഡിലൂടെ ബോധവാന്മാരാകുന്ന കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. സീഡിന്റെ വിദ്യാഭ്യാസജില്ലാ പുരസ്കാരം, ജെം ഓഫ് സീഡ് അവാർഡ്, ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡ്, സീസൺ വാച്ച് അവാർഡ് എന്നിവ മുൻകാലങ്ങളിൽ കെ.പി.എം. മോഡൽ സ്കൂളിന് ലഭിച്ചിട്ടുണ്ട്.

വയലേലകളും പാഠപുസ്തകമാണ്

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..