കൊല്ലം റെയിൽവേ സ്റ്റേഷനിലെ ആദ്യകാല കെട്ടിടത്തിനു മുന്നിൽ സ്റ്റേഷൻ മാനേജർ ടി.സാമുക്കുട്ടി. വികസനപ്രവർത്തനത്തിന്റെ ഭാഗമായി ഇൗ കെട്ടിടം ഏപ്രിൽ നാലിന് പൊളിക്കുകയാണ്
കൊല്ലം : റെയിൽവേയിൽ കൊമേഴ്‌സ്യൽ ക്ളാർക്കായി ജോലിക്ക് കയറുംമുമ്പുള്ള മുഖാമുഖത്തിനു വന്നത് കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഈ പഴയ കെട്ടിടത്തിലായിരുന്നു. ഇന്ന് ഇവിടെനിന്ന് സ്റ്റേഷൻ മാനേജരായി പടിയിറങ്ങുമ്പോൾ കൊട്ടാരക്കര ചെങ്ങമനാട് കാളക്കാത്ത് ഗ്രീൻ വില്ലയിൽ സാമുക്കുട്ടിക്ക് ഓർക്കാൻ ഒരുപാട് അനുഭവങ്ങളുണ്ട്.
പഴയകാലത്ത് റെയിൽവേയുടെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായിരുന്നു കൊല്ലം. പ്രത്യേകിച്ചും തമിഴ്‌നാടുമായുള്ള വ്യാവസായിക സാംസ്കാരിക ബന്ധങ്ങളുടെ ഒരു കണ്ണി. കൊല്ലം-ചെങ്കോട്ട പാതയുടെ പ്രധാന കേന്ദ്രം. ഇവിടെ തുടങ്ങി തിരുവനന്തപുരം, വർക്കല, നാഗർകോവിൽ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ജോലിചെയ്തശേഷം ഔദ്യോഗിക ജീവിതം ആരംഭിച്ച സ്റ്റേഷനിൽത്തന്നെ സ്റ്റേഷൻ മാനേജരാകാൻ ഭാഗ്യം കിട്ടി. 2020 മുതൽ മാനേജരാണിവിടെ. 38 വർഷത്തെ സേവനം പൂർത്തിയാക്കി പടിയിറങ്ങുന്നതാകട്ടെ കൊല്ലം റെയിൽവേ സ്റ്റേഷൻ വൻ വികസനക്കുതിപ്പിലേക്കു പദമൂന്നുന്ന സമയത്തും.
വൈദ്യുതീകരിച്ച പാതയുടെ ഉദ്ഘാടനം, പുതിയ സ്റ്റേഷൻ സമുച്ചയത്തിന്റെ പണി തുടങ്ങിയത്, മെമു ഷെഡ് യാഥാർഥ്യമായത്, റാമ്പ് നിർമാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടന്നത്.
പുതിയ വികസനത്തിന്റെ ഭാഗമായാണ് ഏപ്രിൽ നാലിന് പഴയ കെട്ടിടം പൊളിക്കുന്നത്. വെള്ളിയാഴ്ച പടിയിറങ്ങുന്നതിനുമുമ്പ് ഓർമയിൽ എന്നും സൂക്ഷിക്കാൻ അതിനു മുന്നിൽനിന്നൊരു ചിത്രം. ജീവനക്കാർചേർന്ന് കഴിഞ്ഞ ദിവസം നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന്റെ ഓർമകൾ. ശിഷ്ടജീവിതം സന്തോഷമാകാൻ ഇതൊക്കെത്തന്നെ ധാരാളം-സാമുക്കുട്ടി പറഞ്ഞു. ഇനി ഭാര്യ നിസാമോളും മക്കളായ റിയാതങ്കവും ഡോ. റോഹൻ ജേക്കബും അടങ്ങുന്ന കുടുംബത്തിലേക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..