മങ്ങാട്ട് ഒന്നല്ല രണ്ടുണ്ട് അടിപ്പാത


2 min read
Read later
Print
Share

ദേശീയപാത അധികൃതർ ഉറപ്പു നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ

മങ്ങാട് : കൊല്ലം ബൈപ്പാസിൽ മങ്ങാട് മേഖലയിൽ രണ്ടാമത് ഒരു അടിപ്പാതകൂടി നിർമിക്കാനുള്ള നിർദേശം പരിഗണിക്കാമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി. എം.പി.യുടെ സാന്നിധ്യത്തിൽ ശനിയാഴ്ച നടന്ന ചർച്ചകളിലാണ് പ്രോജക്ട് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. മങ്ങാട് അടിപ്പാത ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു. പ്രാരംഭഘട്ടത്തിൽ മങ്ങാട്ടോ സമീപപ്രദേശത്തോ ദേശീയപാതയിൽ അടിപ്പാതയുടെ നിർദേശമുണ്ടായിരുന്നില്ല. പ്രദേശവാസികളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ എം.പി. നൽകിയ നിവേദനത്തെ തുടർന്നാണ് മങ്ങാട് ശങ്കരനാരായണമൂർത്തിക്ഷേത്രത്തിനു സമീപം അടിപ്പാത നിർമിക്കാമെന്ന് ഉറപ്പു നൽകിയത്. മങ്ങാടിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിപ്പാത അമ്പനാട് ജങ്‌ഷനിലേക്കു മാറ്റണമെന്ന പൊതുധാരണയെ തുടർന്ന് എം.പി. ദേശീയപാത അതോറിറ്റിക്ക്‌ നിർദേശം സമർപ്പിച്ചു. അമ്പനാട് ജങ്‌ഷനിൽ അടിപ്പാതനിർമാണത്തിന് സാങ്കേതികമായ തടസ്സങ്ങളുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചതിനെ തുടർന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും കരാർ കമ്പനി ഡയറക്ടർ, ജനറൽ മാനേജർ എന്നിവരുമായി രണ്ടുതവണ ചർച്ച നടത്തി.

ചർച്ചയിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ രണ്ടാമത് ഒരു അടിപ്പാതകൂടി അനുവദിക്കുന്നതു പരിഗണിക്കാമെന്ന് ഉറപ്പു ലഭിക്കുകയായിരുന്നെന്ന് എം.പി. അറിയിച്ചു. ഇതേത്തുടർന്ന് മങ്ങാട് ജങ്ഷനിൽത്തന്നെ രണ്ടാമത്തെ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി നിതിൻ ഗഡ്ഗരിക്കും പ്രോജക്ട് ഡയറക്ടർക്കും എം.പി. കത്ത് നൽകി.

മേയറും സംഘവും സ്ഥലം സന്ദർശിച്ചു

:മങ്ങാട് മേഖലയിൽ നിർദിഷ്ട അടിപ്പാതയുടെ സ്ഥലം മേയർ പ്രസന്നാ ഏണസ്റ്റും സംഘവും സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ ഗീതാകുമാരി, എസ്.ജയൻ, ജി.ഉദയകുമാർ, ഹണി, സൂപ്രണ്ടിങ്‌ എൻജിനിയർ എം.എസ്‌.ലത, പ്രോജക്ട് ഡയറക്ടർ പി.പ്രദീപ്, ശിവാലയ കമ്പനിയുടെ പ്രതിനിധി എന്നിവരാണ് നിർദിഷ്ട അടിപ്പാത സ്ഥലം സന്ദർശിച്ചത്.

ദേശീയപാത ആറുവരിപ്പാതയിൽ കുരീപ്പുഴ, മങ്ങാട് എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ പ്രമേയം പാസാക്കി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിലും മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്കും ദേശീയപാതാവിഭാഗത്തിലും നൽകുകയും ചെയ്തു.

ഡിവിഷൻ കൗൺസിലർ ടി.ജി.ഗിരീഷിന്റെ നേതൃത്വത്തിൽ മങ്ങാട് അടിപ്പാത ജനകീയ കൂട്ടായ്മ ആക്‌ഷൻ കൗൺസിൽ രൂപവത്‌കരിച്ച് ഉപരോധസമരം നടത്തിയിരുന്നു. മേയർ ഉൾപ്പെടെയുള്ളവർ സമരത്തിനു പിന്തുണയുമായെത്തി. സമരത്തെ തുടർന്ന് മേയറുടെ ഓഫീസിൽ നടത്തിയ ചർച്ചയിൽ സാധ്യതാപഠനം നടത്തി അടിപ്പാത അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പു നൽകിയിരുന്നു. ശനിയാഴ്ച മേയറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അടിപ്പാത അനുവദിച്ച കാര്യം പ്രോജക്ട് ഡയറക്ടർ അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..