പത്തനാപുരം :ബാങ്ക് എ.ടി.എമ്മിൽ നിറയ്ക്കാനായി പണവുമായി സ്കൂട്ടറിലെത്തിയ യുവാവിനെ കാറിടിച്ചുവീഴ്ത്തി 13 ലക്ഷത്തിലധികം അപഹരിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. രണ്ടുദിവസം പിന്നിട്ടിട്ടും തുമ്പുണ്ടാക്കാനായിട്ടില്ല.
ബാങ്ക് എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കരാറുള്ള കൊട്ടാരക്കരയിലെ സ്വകാര്യ ഏജൻസിയിലെ ഉദ്യോഗസ്ഥനായ അന്തമൺ സ്വദേശി ഗോകുലി(മനു)ന്റെ പക്കൽനിന്നാണ് പണം നഷ്ടമായത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ, മനുവിന്റെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കുന്നിക്കോട് പോലീസ് അന്വേഷിക്കുന്നത്. സിൽവർ മെറ്റാലിക് നിറമുള്ള സ്കോർപ്പിയോ കാറിൽ എത്തിയ സംഘമാണ് പണം മോഷ്ടിച്ചു കടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം നടന്ന് മിനിറ്റുകൾക്കകം കാർ പട്ടാഴി ആറാട്ടുപുഴയിലെത്തി മാർക്കറ്റ് ജങ്ഷൻ വഴി കടന്നുപോയതായി വിവിധ സി.സി.ടി.വി.ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിനുമുമ്പ് പുത്തൂരിൽനിന്നു ലഭിച്ച ദൃശ്യത്തിൽ കാറിന്റെ നമ്പർ വ്യക്തമാണെങ്കിലും അത് മറ്റൊരു വാഹനത്തിന്റേതാണെന്ന് തെളിഞ്ഞു.
പട്ടാഴി മരുതമൺഭാഗം വിരുത്തിയിലെ ജനവാസമേഖലയിൽവെച്ചാണ് സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തി പണാപഹരണം നടന്നതായി പറയുന്നത്. സ്കൂട്ടറിനു തകരാറൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
61.50 ലക്ഷം രൂപയാണ് സ്ഥാപന അധികൃതർ മനുവിനെ ഏൽപ്പിച്ചത്. എ.ടി.എമ്മുകളിൽ നിറച്ചതിന്റെ ബാക്കി 15.80 ലക്ഷം രൂപയാണ് മനുവിന്റെ പക്കൽ ഉണ്ടായിരുന്നതായി പറയുന്നത്.
രണ്ടു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഒരു ബാഗിൽ ഉണ്ടായിരുന്ന 13.60 ലക്ഷം രൂപയാണ് നഷ്ടമായത്. മറ്റേ ബാഗിൽ ഉണ്ടായിരുന്ന പണം സുരക്ഷിതമാണ്.
പണമെടുത്തശേഷം ബാഗ് ഒന്നരക്കിലോമീറ്റർ അകലെ റോഡരികിൽനിന്നു ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ സംശയാസ്പദമായ സാഹചര്യങ്ങളുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ അൻവർ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..