11 ജില്ലകളിൽ ബ്ലോക്ക് പ്രസിഡന്റുമാരായി


2 min read
Read later
Print
Share

അവഗണിച്ചെന്ന പരാതിയിൽ എ., ഐ. ഗ്രൂപ്പുകൾ

തിരുവനന്തപുരം

: 11 ജില്ലകളിലായി 197 ബ്ലോക്കുകളിൽ പ്രസിഡന്റുമാരെ നിയമിച്ച് കെ.പി.സി.സി. പട്ടികയിറക്കി. എന്നാൽ പട്ടിക പുറത്തുവന്നതിനുപിന്നാലെ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ. വിഭാഗവും എതിർപ്പുയർത്തി.

തങ്ങളോട് ചർച്ചചെയ്യാതെ ഏകപക്ഷീയമായി കെ.പി.സി.സി. നേതൃത്വം തീരുമാനങ്ങൾ എടുക്കുകയാണെന്ന് ആരോപിച്ച് എ., ഐ. വിഭാഗങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി. തീവണ്ടിദുരന്ത വേളയായതിനാൽ പരസ്യപ്രതികരണം വരും ദിവസങ്ങളിലേക്ക് മാറ്റിയതാണെന്നും നേതാക്കൾ വ്യക്തമാക്കി.

പട്ടികയ്ക്ക് രൂപം നൽകാൻ കെ.പി.സി.സി. പുനഃസംഘടനാ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതി 170 ബ്ലോക്കുകളിലേക്ക് ഏകാംഗ പേരുകളാണ് നിർദേശിച്ചത്. ബാക്കി 113 ബ്ലോക്കുകളിൽ മൂന്നും നാലും പേരുകൾ ഉയർന്നുവന്നതിനാൽ തർക്കപരിഹാരം കെ.പി.സി.സി. നേതൃത്വത്തിന് വിട്ടു.

എന്നാൽ ഐകകണ്ഠ്യേന പേര് നിർദേശിച്ച 170 ബ്ലോക്കുകളിലും ചിലയിടത്ത് അവസാനനിമിഷം ആളുമാറിയതായി അവർ കുറ്റപ്പെടുത്തുന്നു.

തർക്കമുള്ള ബ്ലോക്കുകളിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചർച്ചചെയ്താണ് തീരുമാനമെടുത്തത്. ഇരുവരും തീരുമാനത്തിലെത്തുംമുമ്പ് കെ.പി.സി.സി. മുൻപ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ. മുരളീധരൻ എന്നിവരുമായി കൂടിയാലോചന നടത്തണമെന്ന ധാരണയുണ്ടായിരുന്നുവെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നുമാണ് എ. ഗ്രൂപ്പിന്റെയും രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വിഭാഗത്തിന്റെയും പരാതി.

തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ബ്ലോക്കുകളിൽ തീരുമാനമായില്ല. പരാതി തീർക്കാൻ ഹൈക്കമാൻഡ് ഇടപെടലാണ് എ., ഐ. ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെടുന്നത്. പട്ടിക വന്നപ്പോൾത്തന്നെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഇരുഗ്രൂപ്പുകളും പരാതി അറിയിച്ചു.

സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നതനേതാക്കൾക്ക് പരാതി നൽകാനാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം.

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി സുധാകരനും സതീശനും ചർച്ച നടത്തുന്ന സമയത്തുതന്നെ തങ്ങളോട് ആലോചിക്കാത്തതിലുള്ള പ്രതിഷേധം കെ.സി. വേണുഗോപാൽ അടക്കമുള്ളവരെ അറിയിച്ചിരുന്നതായി നേതാക്കൾ വിശദീകരിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടും പാലിക്കപ്പെടുന്നില്ലെന്ന നിസ്സഹായാവസ്ഥയാണ് ഒടുവിൽ മറുപടിയായി ലഭിച്ചത്.

ഗ്രൂപ്പുകൾ ശിഥിലമായത് തിരിച്ചറിയണം

: തങ്ങൾ നേതൃത്വം നൽകിയിരുന്ന മുൻ ഗ്രൂപ്പുകൾ നിലവിൽ പലവഴി പിരിഞ്ഞത് മുതിർന്ന നേതാക്കൾ തിരിച്ചറിയണമെന്നാണ് പുനഃസംഘടനയോടുള്ള വിമർശങ്ങൾക്ക് ഔദ്യോഗിക വിഭാഗത്തിന്റെ മറുപടി.

മുമ്പ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും വി.ഡി. സതീശനും വി.എസ്. ശിവകുമാറുമൊക്കെ ഉൾപ്പെടുന്ന വിശാല ഐ. ഗ്രൂപ്പിന് ലഭിച്ച സ്ഥാനങ്ങൾ പലതായി വിഭജിക്കപ്പെടും. തിരുവഞ്ചൂർ രാധാകൃഷ്ണനും ടി. സിദ്ദിഖും അടക്കം പലരും എ. ഗ്രൂപ്പിൽനിന്ന്‌ അകന്നു. അപ്പോൾ പഴയ കണക്കനുസരിച്ച് സ്ഥാനങ്ങൾ ലഭിച്ചെന്നുവരില്ല.

എല്ലാക്കാലത്തും കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവുംകൂടി തർക്കങ്ങൾക്ക് തീരുമാനമുണ്ടാക്കുന്ന രീതിയാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാനാണ് ശ്രമിച്ചതെന്നും നേതൃത്വം വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..