കൊല്ലം ഉളിയക്കോവിലിലെ തീപിടിത്തം; എട്ടുകോടിയുടെ മരുന്ന് കത്തിനശിച്ചു


2 min read
Read later
Print
Share

കത്തിയമർന്ന മരുന്നു സംഭരണ കേന്ദ്രത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ പൂർണമായും കെടുത്താനുള്ള ശ്രമത്തിൽ. ഇരുപതിലധികം ഫയർ എൻജിനുകൾ അൻപതോളം ടാങ്ക് വെള്ളം പമ്പുചെയ്ത് പത്തു മണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്‌

കൊല്ലം : ഉളിയക്കോവിലിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരണശാലയിലുണ്ടായ തീപ്പിടിത്തത്തിൽ കത്തിനശിച്ചത് എട്ടുകോടിയുടെ മരുന്ന്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തയ്യാറാക്കിയ നഷ്ടക്കണക്കുപ്രകാരം 7.18 കോടിയുടെ മുൻ സ്റ്റോക്കും കഴിഞ്ഞദിവസമെത്തിയ മരുന്നും ചേർത്ത് എട്ടുകോടിയുടെ നഷ്ടമുണ്ടായി. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദുരൂഹതയില്ലെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

കത്തിയമർന്ന സംഭരണശാലയ്ക്കുപകരം പുതിയ രണ്ടു സംഭരണശാലകൾ ജില്ലയിൽ ഉടൻ തുറക്കും. തേവള്ളിയിൽ കോർപ്പറേഷന് സ്വന്തമായുള്ള ഗോഡൗൺ വൃത്തിയാക്കി ഉടൻ പ്രവർത്തനമാരംഭിക്കും. തേവള്ളി പാലത്തിനു സമീപം മിലിട്ടറി കാൻറീനിന്‌ എതിർവശത്താണ് 7000 ചതുരശ്രയടി വിസ്തീർണമുള്ള സംഭരണശാല തുറക്കുക.

നെടുമ്പനയിൽ 15,000 ചതുരശ്രയടിയിൽ മറ്റൊരു സംഭരണശാലകൂടി ക്രമീകരിക്കുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജില്ലാ മാനേജർ ലീന സജി പറഞ്ഞു. ഉടൻതന്നെ ഈ സംഭരണശാലകളിൽ മരുന്നെത്തിച്ചു വിതരണം നടത്താൻ നടപടിയായിട്ടുണ്ട്.

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾമുതൽ മുകളിലേക്കുള്ള ആശുപത്രികളിലേക്ക്‌ മരുന്നുകൾ വിതരണം ചെയ്യുന്ന സംഭരണശാല ബുധനാഴ്ച രാത്രിയാണ് കത്തിനശിച്ചത്. ജില്ലയിലെ ആശുപത്രികൾക്ക് ആദ്യപാദത്തിൽ നൽകേണ്ട മരുന്നുവിതരണം പൂർത്തിയാക്കിയതിനാൽ മരുന്നുക്ഷാമമുണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു.

അവസാന കനലും കെടുംവരെ ഉറങ്ങാതെ ഒരുനാട്

കൊല്ലം : ഉളിയക്കോവിൽ മരുന്നുസംഭരണശാലയിലുണ്ടായ തീപ്പിടിത്തം ഒരുരാത്രിമുഴുവൻ നീണ്ട അശ്രാന്തപരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. അവസാന കനൽ കെടുംവരെ ഒരുഗ്രാമമാകെ ഉറങ്ങാതെ നേരം വെളുപ്പിച്ചു.

ഉളിയക്കോവിൽ നിവാസികൾക്ക് ഒരിക്കലും മറക്കാനാകാത്തതായിരുന്നു ബുധനാഴ്ച രാത്രിയിലുണ്ടായ അഗ്നിബാധ. തീഗോളം മുന്നിലേക്ക് വരുന്നതുപോലെ ആയിരുന്നെന്നാണ് സമീപവാസികളായ വീട്ടമ്മമാർ പറയുന്നത്. കറുത്തപുക ശ്വസിച്ച് പലരും അവശരായി. ജനവാസമേഖലയായതിനാൽ സമീപവീടുകളിലെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ മാറ്റുകയും പിന്നീട് വീട്ടുകാരെ ഒഴിപ്പിക്കുകയുമായിരുന്നു ആദ്യം ചെയ്തത്.

സംഭരണശാലയിലുണ്ടായിരുന്ന മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സാനിെറ്റെസർ, ബ്ലീച്ചിങ് പൗഡർ, ഏഴ്‌ കംപ്യൂട്ടർ എന്നിവ കത്തിനശിച്ചു. 21 ജീവനക്കാരാണ്‌ ഇവിടെയുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉൾപ്പെടെ 15 ആരോഗ്യകേന്ദ്രത്തിന് ബുധനാഴ്ച മരുന്നുകൾ വിതരണം ചെയ്തിരുന്നു. ജില്ലയിൽ 97 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, വയോമിത്രം ഉൾപ്പെടെയുള്ളവയ്ക്ക് ഇവിടെനിന്നാണ് മരുന്നുകൾ വിതരണം ചെയ്യുന്നതെന്നും ജീവനക്കാർ പറഞ്ഞു.

ലക്ഷം ലിറ്റർ വെള്ളംമണിക്കൂർ...

: പത്തുമണിക്കൂർകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്നുലക്ഷം ലിറ്റർ വെള്ളമാണ് വ്യാഴാഴ്ച പുലർച്ചെ ആറുമണിവരെ മരുന്നുസംഭരണശാലയിലെ തീ കെടുത്തുന്നതിനു വേണ്ടിവന്നത്.

പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും കരുതലോടെയുള്ള പ്രവർത്തനമാണ് തീ പരിസരത്തേക്ക് വ്യാപിക്കുന്നത് തടയാനും വൻദുരന്തം ഒഴിവാക്കാനും സഹായകമായത്.

ബ്ലീച്ചിങ്‌ പൗഡറിൽനിന്നു തീപിടിച്ചതാകാമെന്നാണ് പ്രഥമിക നിഗമനമെന്ന് അഗ്നിരക്ഷാസേന പറയുന്നു. തീപ്പൊരി ചിതറി സേനാംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ശരീരത്ത് പൊള്ളലേറ്റു. സേനാ പ്രവർത്തകരിൽ പലർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.

അഗ്നിക്കിരയായത് മൂന്നുവാഹനങ്ങൾ

: തീപ്പിടിത്തത്തിൽ കത്തിയമർന്നത് മൂന്ന് ഇരുചക്രവാഹനങ്ങൾ. സെക്യൂരിറ്റി ജീവനക്കാരൻ പള്ളിമൺ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെയും ഡ്രൈവർ ഇളമ്പള്ളൂർ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ളയുടെയും ജീവനക്കാരി ഷൈനി പീറ്ററിന്റെയും വാഹനങ്ങളാണ് കത്തിനശിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജണൽ മാനേജരായി ചുമതലയേറ്റ എം.മനോജ്കുമാർ. കൊല്ലം പെരിനാട് സ്വദേശിയാണ്

Content Highlights: kollam building fire

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..