വാഴനാര് ഉപയോഗിച്ച് നിർമിച്ച സാനിറ്ററി പാഡുമായി അഞ്ജു ബിസ്റ്റും (വലത്തേ അറ്റത്ത്) സംഘവും
കരുനാഗപ്പള്ളി: വാഴനാര് ഉപയോഗിച്ചുള്ള സാനിറ്ററി പാഡ് നിര്‍മിച്ച അഞ്ജു ബിസ്റ്റിന് നീതി അയോഗിന്റെ വുമണ്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ ബഹുമതി.
കഴിഞ്ഞ ഇരുപതുവര്‍ഷമായി മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അഞ്ജു ബിസ്റ്റ് പഞ്ചാബ് സ്വദേശിയാണ്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച 75 വനിതകള്‍ക്കാണ് നീതി അയോഗ് വുമണ്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ അംഗീകാരം നല്‍കിയത്. ഇതില്‍ ഒരാളാണ് അഞ്ജു ബിസ്റ്റ്. വാഴപ്പോള സംസ്‌കരിച്ച് നാരെടുത്താണ് ഗുണനിലവാരമുള്ള പാഡുകള്‍ നിര്‍മിക്കുന്നത്. കാലങ്ങളായി പ്രചാരത്തിലുള്ള ഡിസ്‌പോസിബിള്‍ പാഡുകള്‍ പൂര്‍ണമായും പ്രകൃതിസൗഹൃദമല്ല. അവയ്ക്കുള്ള ബദലായാണ് 'സൗഖ്യം' എന്ന പേരില്‍ വാഴനാരുകൊണ്ടുള്ള സാനിറ്ററി പാഡ് വിപണിയിലെത്തിച്ചത്.
ഇതിനകം അഞ്ചുലക്ഷത്തോളം പാഡുകള്‍ വിറ്റു. വലിയൊരളവുവരെ മലിനീകരണവും അജൈവ മാലിന്യപ്രശ്‌നവും ഒഴിവാക്കാന്‍ ഇതുമൂലം സാധിച്ചതായി നീതി അയോഗ് വിലയിരുത്തി. പാഡ് നിര്‍മാണ യൂണിറ്റുകളിലൂടെ ഗ്രാമീണവനിതകള്‍ക്ക് തൊഴിലവസരങ്ങളും നല്‍കുന്നു.
2013-ല്‍ മാതാ അമൃതാനന്ദമയി മഠം ഒട്ടേറെ വില്ലേജുകള്‍ ദത്തെടുത്തപ്പോള്‍ അവിടങ്ങളിലെ സേവനവുമായി ബന്ധപ്പെട്ടും അഞ്ജു ബിസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. 21 സംസ്ഥാനങ്ങളിലെ പിന്നാക്കമേഖലകളില്‍ അഞ്ജു ബിസ്റ്റ് ഉള്‍പ്പെടുന്ന സംഘം യാത്ര ചെയ്തിരുന്നു.
Content Highlights: sanitary pad made with banana fiber
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..