ആദ്യം ശാന്തം...പിന്നെ ഹാസ്യം...ഒടുവിൽ അല്പം രൗദ്രം


1 min read
Read later
Print
Share

മുഖ്യമന്ത്രി ക്ഷുഭിതനാകുമെന്ന് സദസ്സിലുള്ളവർ അടക്കം പ്രതീക്ഷിച്ചെങ്കിലും ചെറിയ പരിഹാസച്ചിരിയിൽ തന്റെ ദേഷ്യം അടക്കി.

കോട്ടയത്ത് ജില്ലാ ആസൂത്രണസമിതി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെ മൈക്ക് കേടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവിധഭാവങ്ങൾ. 1. പുതിയ വയർലെസ് മൈക്ക് മുഖ്യമന്ത്രിയുടെ കൈയിൽ കൊടുക്കാൻ ശ്രമിക്കുന്നു. 2. മൈക്ക് വാങ്ങാതെ ദേഷ്യത്തോടെ നോക്കുന്നു. 3. മറ്റൊരാൾ വന്ന് മൈക്ക് സ്റ്റാൻഡിലുറപ്പിച്ചപ്പോൾ ചിരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്

കോട്ടയം : മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ മൈക്ക് തടസ്സപ്പെട്ടത് അല്പനേരം പരിഭ്രാന്തി പരത്തി.

നാഗമ്പടം മൈതാനിയിൽ 'എന്റെ കേരളം പ്രദർശന വിപണന മേള'യിലെ പൊതുസമ്മേളനത്തിൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയമന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മൈക്ക് തടസ്സപ്പെട്ടത്. മൈക്കിൽ അല്പം പൊട്ടലും ചീറ്റലുമായതോടെ സംസാരം കേൾക്കാൻ കഴിയാതെയായി.

അതോടെ സദസ്സിൽ ഇരുന്ന ജില്ലാ പോലീസ് മേധാവിയടക്കം അല്പം പരിഭ്രാന്തിയോടെ എഴുന്നേറ്റു. അപ്പോഴേക്കും മൈക്കിന്റെ സാങ്കേതികത്തകരാർ പരിഹരിക്കാൻ ടെക്നീഷ്യൻ മൈക്കിനടുത്ത് എത്തി. തകരാർ പരിഹരിക്കാൻ പറ്റുമോയെന്ന് നോക്കി. കഴിഞ്ഞില്ല. അപ്പോഴേക്കും നാലഞ്ച് ഉദ്യോഗസ്ഥരും മൈക്കിന് അടുത്തെത്തി.

മുഖ്യമന്ത്രി ക്ഷുഭിതനാകുമെന്ന് സദസ്സിലുള്ളവർ അടക്കം പ്രതീക്ഷിച്ചെങ്കിലും ചെറിയ പരിഹാസച്ചിരിയിൽ തന്റെ ദേഷ്യം അടക്കി.

ആ സമയം മറ്റൊരു മൈക്ക് എടുത്തുകൊണ്ടുവന്ന് മൈക്ക് സ്റ്റാൻഡിൽ പിടിപ്പിക്കാൻ നോക്കിയപ്പോൾ അതിനും ശബ്ദമില്ല. അതോടെ ടെക്നീഷ്യൻ വീണ്ടും മറ്റൊരു മൈക്ക് എടുത്തുകൊണ്ടുവന്ന് കൈയിൽ പിടിച്ച് സംസാരിക്കാനെന്നവണ്ണം മുഖ്യമന്ത്രിക്ക് കൈമാറാൻ നോക്കി. അതിൽ മാത്രം അദ്ദേഹം നീരസം പ്രകടിപ്പിച്ചു. മൈക്ക് കൈയിൽ വേണ്ട. സ്റ്റാൻഡിൽ പിടിപ്പിക്കാൻ നിർദേശം നൽകി അല്പസമയംകൂടി കാത്തു.

അപ്പോൾ മറ്റൊരു മൈക്ക് സ്റ്റാൻഡിൽ പിടിപ്പിച്ചു അതിലൂടെ സംസാരിക്കാൻ തുടങ്ങി.

‘‘നവകേരള പദ്ധതിയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് മൈക്കിന് ചില പ്രശ്നങ്ങൾ.

അതുകൊണ്ട് അതുതന്നെ സംസാരിച്ചുതുടങ്ങാം’ എന്ന് പറഞ്ഞു അദ്ദേഹം സംസാരിച്ച് തുടങ്ങി. അപ്പോഴാണ് വേദിയിലും സദസ്സിലുമുള്ള ഉദ്യോഗസ്ഥർക്ക് ശ്വാസം നേരേവീണത്.

Content Highlights: cm pinarayi vijayan speech interrupted due to mike problem in ente keralam venue kottayam

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..