ബി.ജെ.പി. ജില്ലാക്കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ഇന്ന്‌; ദേശീയ അധ്യക്ഷനെ വരവേല്ക്കാൻ ജില്ല ഒരുങ്ങി


ബി.ജെ.പി. ജില്ലാക്കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനത്തിനെത്തുന്ന ദേശീയാധ്യക്ഷൻ ജെ.പി.നദ്ദയ്‌ക്ക്‌ സ്വാഗതമോതി നാഗമ്പടത്ത്‌ പ്രവർത്തകർ കട്ടൗട്ട്‌ സ്ഥാപിച്ചപ്പോൾ

കോട്ടയം : ആധുനിക സൗകര്യങ്ങളോടെ നാഗമ്പടത്തു നിർമാണം പൂർത്തീകരിച്ച ബി.ജെ.പി.ജില്ലാ ആസ്ഥാനമന്ദിരത്തിന്റെ ഉദ്‌ഘാടനം ഞായറാഴ്ച നടക്കും. നാലിന്‌ നാഗമ്പടത്ത് പൊതുസമ്മേളനം തുടങ്ങും. 5.30-ന്‌ ദേശീയാധ്യക്ഷൻ ജെ.പി. നദ്ദ മന്ദിരം ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, നേതാക്കളായ പ്രകാശ് ജാവദേക്കർ, രാധാമോഹൻ അഗർവാൾ എം.പി. തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയ്‌ക്ക്‌ 12 മണിക്ക് ഗുണഭോക്തൃസംഗമം കെ.പി.എസ്‌. മേനോൻ ഹാളിൽ ജെ.പി.നദ്ദ ഉദ്ഘാടനംചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീടുകൾ ലഭിച്ച ആയിരം കുടുംബങ്ങൾക്ക് യോഗത്തിൽ ഫാനുകൾ നൽകും. മൂന്ന് മണിക്ക് സീസർ പാലസിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥിമാരുടെ സംഗമത്തിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും. വൈകീട്ട്‌ അഞ്ചിന്‌ നാഗമ്പടം മഹാദേവക്ഷേത്രത്തിൽ അദ്ദേഹം ദർശനംനടത്തും.



വിളംബര ഘോഷയാത്ര

ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടന്ന വിളംബര ഘോഷയാത്രകൾ സമ്മേളനനഗരിയിൽ എത്തിച്ചേർന്നു. വൈക്കത്തുനിന്ന് ചെമ്പിൽ വലിയ അരയന്റെയും വൈക്കം പദ്‌മനാഭപിള്ളയുടെയും ഛായാചിത്രങ്ങളുമായി ഏറ്റുമാനൂർ രാധാകൃഷ്ണനും കുമരകത്തുനിന്ന് മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ഛായാചിത്രവുമായി ബി. രാധാകൃഷ്ണമേനോനും പൊൻകുന്നം ശ്രീധരൻ നായരുടെ സ്മൃതിമണ്ഡപത്തിൽനിന്ന് പാർട്ടിപ്പതാകയുമായി പി.ജെ.തോമസും ചങ്ങനാശ്ശേരിയിൽനിന്ന് കൊടിമരവുമായി കെ.ജി.രാജ്‌മോഹനും നയിച്ച യാത്രകളാണ് ശനിയാഴ്‌ച വൈകീട്ട്‌ എത്തിച്ചേർന്നത്. ഓഫീസ് കവാടത്തിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്‌ കുര്യന്റെ നേതൃത്വത്തിൽ വരവേറ്റു.

വാഹനപാർക്കിങ്‌

തെക്കുനിന്ന്‌ എം.സി.റോഡുവഴിയും കെ.കെ.റോഡുവഴിയും കുമരകം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ നാഗമ്പടം പാലത്തിന് സമീപം ആളെ ഇറക്കണം. വടക്കുനിന്ന്‌ എം.സി.റോഡ് വഴി വരുന്ന വാഹനങ്ങൾ നാഗമ്പടം മഹാദേവക്ഷേത്ര കവാടത്തിന് സമീപം ആളെയിറക്കണം. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരസഭാ മൈതാനിയിലാണ്‌ പാർക്കിങ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..