ഒരു ജീവൻ ഏഴ്‌ ജീവിതങ്ങൾ; മസ്തിഷ്കമരണം സംഭവിച്ച നേവിസിന്റെ അവയവങ്ങൾ സ്വീകരിച്ചവർ ഒന്നിച്ചെത്തി


Caption

കോട്ടയം : മറ്റുള്ളവർക്ക്‌ പ്രകാശമായി സ്വയം കത്തിയെരിഞ്ഞ മെഴുകുതിരിപോലെയായിരുന്നു നേവിസിന്റെ ജീവിതം. 25-ാം വയസ്സിൽ മരണം തട്ടിയെടുത്ത നേവിസിന്റെ ജീവന്റെ തുടിപ്പുകൾ ഇന്ന്‌ ഏഴുപേർക്കൊപ്പമുണ്ട്‌. അവരുടെ കണ്ണിലും കരളിലും കൈകളിലും തുടിക്കുന്നത്‌ ആ യുവാവിന്റെ ജീവൻ. അവരെ ഒരുമിച്ചുകണ്ടപ്പോൾ അമ്മ ഷെറിന്റെ കണ്ണുനിറഞ്ഞു. അവരുടെ കൈകളെ ആ അമ്മ ചേർത്തുപിടിച്ചു.

കഴിഞ്ഞവർഷം സെപ്റ്റംബർ 24-നാണ് രക്തത്തിൽ ഗ്ളൂക്കോസിന്റെ സാന്നിധ്യം കുറയുന്ന അവസ്ഥയായ ‘ഹൈപ്പോഗ്ളൈസീമിയ’ രോഗം ബാധിച്ച് കളത്തിപ്പടി പീടികയിൽ വീട്ടിൽ സാജൻ മാത്യുവിന്റെയും ഷെറിൻ സാജന്റെയും മകൻ നേവിസ് സാജൻ മരിച്ചത്. മസ്‌തിഷ്കമരണം സംഭവിച്ച്‌ ആശുപത്രിയിൽ കഴിയവേ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെ നേവിസിലൂടെ ഏഴുപേർ ജീവിതത്തിലേക്ക് വീണ്ടും നടന്നുകയറി.

ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടർന്ന് കൊച്ചി രാജഗിരി ആശുപത്രി അധികൃതർ അതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. സർക്കാരിന്റെ അവയവദാനകൂട്ടായ്മയായ ‘മൃതസഞ്ജീവനി’യെ അറിയിച്ച് സ്വീകർത്താക്കളെ കണ്ടെത്തി. ഐ.സി.ഡബ്ള്യു.എ. വിദ്യാർഥിയായിരുന്നു നേവിസ്‌. വേർപാടിന്റെ ഒന്നാം വാർഷികദിനത്തിൽ അവയവങ്ങൾ സ്വീകരിച്ചവരുടെ സംഗമം നൊമ്പരത്തിന്റെ നിമിഷങ്ങളായി. കോട്ടയം മാമ്മൻ മാപ്പിള സ്‌മാരക ഹാളിലായിരുന്നു ആ അപൂർവസംഗമം.

‘ഞങ്ങളുടെ മകൻ പോയി. പക്ഷേ, ഞങ്ങൾക്ക്‌ ഏഴുകുടുംബങ്ങളെ കിട്ടി’- അവയവങ്ങൾ സ്വീകരിച്ചവരെ ചേർത്തുനിർത്തി സാജൻ മാത്യു പറഞ്ഞു. നേവിസിന്റെ കണ്ണുകൾ, കൈകൾ, ഹൃദയം, വൃക്ക, കരൾ എന്നീ ഏഴ്‌ അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം സ്വീകരിച്ച പ്രേംചന്ദ് (60), കൈകൾ സ്വീകരിച്ച കർണാടക സ്വദേശി ബസവന ഗൗഡ(35), വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശി അൻഷിഫ് (18), തൃശ്ശൂർ സ്വദേശി ഇ.സി.ബെന്നി (57), കരൾ സ്വീകരിച്ച നിലമ്പൂർ സ്വദേശി വിനോദ് ജോസഫ് (45), കണ്ണ്‌ സ്വീകരിച്ച കോട്ടയം വാകത്താനം സ്വദേശി ലീലാമ്മ തോമസ്‌(70) എന്നിവരാണ്‌ സംഗമത്തിനെത്തിയത്‌. ഒരുകണ്ണ് സ്വീകരിച്ചയാൾ സംഗമത്തിനെത്തിയില്ല. ‘എനിക്ക്‌ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക്‌ രണ്ട്‌ അച്ഛനും രണ്ട്‌ അമ്മയുമുണ്ട്‌. ഏഴ്‌ സഹോദരങ്ങളും’- ഹൃദയം ഏറ്റുവാങ്ങിയ പ്രേംചന്ദിന്റെ വാക്കുകളിൽ സ്നേഹം നിറഞ്ഞു.

നേവിസിന്റെ ഓർമയ്ക്കായി രൂപവത്‌കരിച്ച ജീവകാരുണ്യ സംഘടനയായ ‘നേവിസ് നുവോ ഫൗണ്ടേഷ’ന്റെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടത്തി. തിരുവല്ല അതിരൂപത മെത്രാൻ തോമസ് മാർ കൂറിലോസ്, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ജോസ് കെ.മാണി എം.പി., തോമസ്‌ ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ഡോ. നോബിൾ ഗ്രേഷ്യസ്, അവയവമാറ്റ ശസ്ത്രക്രിയകൾക്ക്‌ നേതൃത്വം നൽകിയ ഡോ. ജേക്കബ്‌, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. വി.നന്ദകുമാർ, ഡോ. രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..