പാലാ ഇൻഫോപാർക്ക്‌ സ്ഥലമേറ്റെടുപ്പ്: ഇനിയും വൈകല്ലേ...


പഠനറിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ

Caption

പാലാ : കരൂർ പഞ്ചായത്തിലെ വലവൂരിൽ ഇൻഫോപാർക്കിന് അനുമതി ലഭിക്കുവാനുള്ള നടപടി അന്തിമഘട്ടത്തിൽ. കിൻഫ്രയും ജില്ലാ വ്യവസായവകുപ്പും നടത്തിയ സർവേയുടെ തുടർച്ചയായി കിൻഫ്ര സ്ഥലമേറ്റടുക്കുന്നത് സംബന്ധിച്ചുള്ള പഠനറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ഇത് വ്യവസായവകുപ്പിന്റെയും ഐ.ടി. വകുപ്പിന്റെയും പരിഗണനയിലാണ്. വ്യവസായവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അനുമതി ലഭിച്ചാൽ സ്ഥലമേറ്റെടുക്കൽ തുടങ്ങുവാൻ സാധിക്കും. കിൻഫ്രയുടെ ഐ.ടി.പാർക്ക് വിഭാഗമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.

പത്തുവർഷം മുമ്പ് ബജറ്റിൽ തുക അനുവദിച്ചശേഷം പിന്നീട് നടപടികൾ നിശ്ചലമായ പദ്ധതിക്കുള്ള പ്രാഥമിക സർവേ സമീപകാലത്താണ് പൂർത്തിയായത്. പദ്ധതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. വലവൂരിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.ഐ.ഐ.ടി. കാമ്പസിനോട് ചേർന്നാണ് ഇൻഫോപാർക്ക്‌ സ്ഥാപിക്കുവാൻ ലക്ഷ്യമിടുന്നത്. 60 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് കണക്കാക്കുന്നു.പാലാഴി ടയേഴസ് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ട ഭൂമിയിൽ ഉൾപ്പെടുന്നു. 15 പേരുടെ സ്ഥലമാണ് ഇൻഫോപാർക്കിനായി ഏറ്റെടുക്കേണ്ടതായിവരുക. സ്ഥലമുടമകളുമായി നേരിട്ട് ചർച്ചചെയ്ത് വിലസംബന്ധിച്ച് ധാരണയുണ്ടാക്കി സ്ഥലം ഏറ്റെടുക്കാനാണ് നീക്കം. സ്ഥലമുടമകളിൽ ഭൂരിഭാഗം ആളുകളും സ്ഥലം വിട്ടുനൽകുവാൻ തയ്യാറായിട്ടുണ്ട്. ട്രിപ്പിൾ ഐ.ടി.ക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ ഇൻഫോ പാർക്ക് സ്ഥലം ഏറ്റെടുക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

എറണാകുളം-പാലാ റൂട്ടിൽ രാമപുരം വഴിയും ഉഴവൂർ വഴിയും ഇവിടെ എത്തിച്ചേരാം. നിർദിഷ്ട പദ്ധതിപ്രദേശത്തേക്ക് മികച്ച നിലവാരത്തിൽ എല്ലാ പ്രധാന റോഡുകളെയും തമ്മിൽ ബന്ധിപ്പിച്ച് നിർമിച്ച റോഡ് ശൃംഖലയുമുണ്ട്. ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇൻഫോ പാർക്കിൽ അടിസ്ഥാന സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഐ.ടി. കമ്പനികൾക്കും സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്കും ഇവിടെ കേന്ദ്രങ്ങൾ തുടങ്ങാം. ഐ.ടി. കമ്പനികളുടെ പരിശീലനകേന്ദ്രങ്ങൾ തുടങ്ങുന്നതിന് സൗകര്യമൊരുക്കും. ട്രിപ്പിൾ ഐ.ടി. കാമ്പസിന്റെ പ്രവർത്തനം വരുംകാലങ്ങളിൽ വിപുലമാകുന്നതോടെ വിദ്യാർഥികളുടെ പരിശീലനകേന്ദ്രങ്ങളായി ഇൻഫോപാർക്കിനെ മാറ്റുവാനാണ് പദ്ധതിയിടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..