ഏകീകൃത കുർബാന; വൈദിക സമിതിയിൽ തർക്കവും ബഹളവും


കൊച്ചി : എറണാകുളം അതിരൂപതയിൽ സിനഡ് കുർബാന നടപ്പിലാക്കാനുള്ള അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ നീക്കത്തെച്ചൊല്ലി വൈദിക സമിതിയിൽ തർക്കവും ബഹളവും. വൈദിക സമിതി തിരഞ്ഞെടുപ്പിനു ശേഷം അരമനയിൽ ചേർന്ന ആദ്യ യോഗമാണ് പ്രതിഷേധത്തിലും വാക്കേറ്റത്തിലും കലാശിച്ചത്. തുടർന്ന് പോലീസെത്തുകയും മാർ ആൻഡ്രൂസ് താഴത്ത് അരമന വിട്ട് തൃശ്ശൂരിലേക്കു പോവുകയും ചെയ്തു.

വൈദിക സമിതി സെക്രട്ടറിയെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തതിനു ശേഷം മാർ താഴത്ത് ഏകീകൃത കുർബാനയ്ക്കായി സർക്കുലർ ഇറക്കുമെന്ന് അറിയിച്ചതോടെയാണ് ബഹളം തുടങ്ങിയത്. ബഹുഭൂരിപക്ഷം വൈദികരും ഇതിനെ എതിർത്തു.ഏകീകൃത കുർബാനക്രമം നടപ്പിലാക്കാൻ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലിയനാർഡോ സാന്ദ്രി 20-ന് കത്തിലൂടെ നിർദേശം നൽകിയെന്ന് മാർ താഴത്ത് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ ഇറക്കുന്നതെന്നും വിശദീകരിച്ചു. വൈദിക സമിതി ഇത് അംഗീകരിച്ചില്ല. തുടർന്ന് യോഗത്തിൽ വാക്കേറ്റമുണ്ടായി. കൂരിയ അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനം അംഗീകരിച്ചില്ല.

സംഭവമറിഞ്ഞ് കൂടുതൽ വൈദികരും വിശ്വാസികളും അരമനയിലെത്തി. പ്രതിഷേധവും വാക്കേറ്റവും ഏറിയതോടെ പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് പോലീസ് അകമ്പടിയോടെ മാർ ആൻഡ്രൂസ് താഴത്ത് തൃശ്ശൂരിലേക്കു പോയി. അതിരൂപതയുടെ വാഹനം ഉപേക്ഷിച്ച് ടാക്സിയിലാണ് അദ്ദേഹം പോയത്.

വൈദിക സമിതി യോഗത്തിൽ ഭൂരിഭാഗവും ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്ന ഉറച്ച നിലപാട് തുടർന്നു. എറണാകുളം അതിരൂപതയെ ലിറ്റർജിക്കൽ വേരിയന്റായി പ്രഖ്യാപിക്കാൻ വത്തിക്കാനോട് ആവശ്യപ്പെടണമെന്ന് മാർ ആൻഡ്രൂസ് താഴത്തിനോട് നിർദേശിക്കുകയും ചെയ്തു.

അഡ്മിനിസ്‌ട്രേറ്ററുമായി സഹകരിക്കില്ല-അൽമായ മുന്നേറ്റം

: കൂരിയയുമായും പുതിയ വൈദിക സമിതി ഉൾപ്പെടെയുള്ള കാനോനിക സമിതികളുമായും ആലോചിച്ചു മാത്രമേ കുർബാന വിഷയത്തിൽ തീരുമാനമെടുക്കൂ എന്ന് നേരത്തേ നൽകിയ വാക്ക് പാലിക്കാതെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ അഡ്മിനിസ്‌ട്രേറ്ററുമായി ഒരു തരത്തിലും സഹകരിക്കേണ്ടതില്ലെന്ന് അല്മായ മുന്നേറ്റം തീരുമാനിച്ചു. വത്തിക്കാനിൽ പോയി മാർപാപ്പയുടെ പേരിലോ ഓറിയന്റൽ കോൺഗ്രിഗേഷന്റെ പേരിലോ ജനാഭിമുഖ കുർബാനയ്ക്കെതിരേ ഏത് തരത്തിലുള്ള ഉത്തരവുകൾ കൊണ്ടുവന്നാലും, ഏതെങ്കിലും സർക്കുലർ അതുമായി ബന്ധപ്പെട്ട് ഇറക്കിയാലും അതു പൂർണമായി തള്ളിക്കളയുമെന്നും അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..