പോപ്പുലർ ഫ്രണ്ടിനെതിരേ പോലീസ് നടപടി : മുണ്ടക്കയം ഇടക്കുന്നത്ത് ഓഫീസ് സീൽ ചെയ്തു


കോട്ടയം : പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ജില്ലയിലും പോലീസ് നടപടി. മുണ്ടക്കയം പാറത്തോട് ഇടക്കുന്നത്ത് സംഘടനയുടെ ഓഫീസ് പോലീസ് സീൽ ചെയ്തു. ബോർഡ് വെയ്ക്കാതെ പ്രവർത്തിച്ചിരുന്ന ഓഫീസിൽ ആഴ്ചകൾക്കുമുമ്പുവരെ പ്രവർത്തകരെത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പൂട്ടിയിട്ടിരുന്ന മുറിയുടെ താക്കോൽ ഉടമയിൽനിന്ന് വാങ്ങിയാണ് പരിശോധന നടത്തിയത്. തെളിവുകളൊന്നും ലഭിച്ചില്ല. കഴിഞ്ഞ ആഴ്ചവരെ ഇവിടെയെത്തിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ഇവരുടെ സ്ഥാവരജംഗമവസ്തുക്കളുെട വിവരങ്ങൾ നൽകാൻ അതാത് വില്ലേജ് ഓഫീസർമാർക്ക് നിർദേശംനൽകി. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കട്ടും പാലാ ഈരാറ്റുപേട്ടയിലും കോട്ടയം കുമരകത്തും ബോർഡ് വെക്കാതെ പോപ്പുലർ ഫ്രണ്ട് ഓഫീസ് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. ഇതിന്റെ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. ഇവിടെയെത്തിയിരുന്ന പ്രവർത്തകർ ഒളിവിലാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളും പ്രവർത്തകരുടെ പണമിടപാടുകളും ശേഖരിക്കും.

ഓഫീസ് പൂട്ടുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് നടപടിയെടുക്കുക. ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകളും പ്രവർത്തകരെയും അവരുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ഡിവൈ.എസ്.പി.മാർക്ക് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലകൾ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്നും ലഭ്യമായ വിവരങ്ങളിൽ വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..