കോട്ടയം നഗരസഭയുടെ പദ്ധതികൾ പാതിവഴിയിൽ


പ്രതിഷേധിച്ച്‌ പ്രതിപക്ഷം

കോട്ടയം നഗരസഭാഹാളിൽ നഷ്ടമായ പദ്ധതികൾ എണ്ണിപ്പറഞ്ഞ്‌ പ്രതിപക്ഷം നടത്തിയ പ്രതിഷേധസമരം. ഇതേ സമയം ഫോണിൽ സംസാരിക്കുന്ന അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെയും കാണാം

കോട്ടയം : നടപ്പാക്കാതെ പോയതിനാൽ കോട്ടയം നഗരസഭയ്ക്ക്‌ നഷ്ടമായ പദ്ധതികൾ എണ്ണിപ്പറഞ്ഞ്‌ പ്രതിപക്ഷം ആഞ്ഞടിച്ചു. വെള്ളിയാഴ്ച രാവിലെ 11-ന് നടന്ന കൗൺസിലിന് മുന്പുതന്നെ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ ഓഫീസിന് മുന്നിൽ കസേര നിരത്തി പ്രതിരോധിച്ചാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. വാർഡ് സഭകൾ വിളിച്ചുകൂട്ടിയിട്ട് ആറ് മാസം പിന്നിട്ടു. പുതിയ പദ്ധതികൾ ഇനിയുള്ള മാസങ്ങൾകൊണ്ട് പൂർത്തീകരിച്ച്‌ ബിൽ മാറുകയെന്നത്‌ വലിയ വെല്ലുവിളിയാണ് തുടങ്ങിയ പ്രശ്നങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു. കഴിഞ്ഞവർഷം നടപ്പാക്കേണ്ട 190 പദ്ധതികൾ നടപ്പാക്കിയില്ല.

മാലിന്യസംസ്കരണപദ്ധതി, വീടുനിർമാണം, ശുചിത്വ മിഷന്റെ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയവ മുടങ്ങിക്കിടക്കുന്നു. ദുർബല വിഭാഗക്കാർക്കായുള്ള പദ്ധതികളും മുടങ്ങി. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പലതും കിട്ടാതായി. ഭൂമിയും വീടുമില്ലാത്ത അപേക്ഷകരിൽ ഒരാൾക്കുപോലും വീട്‌ ലഭിച്ചിട്ടില്ല. പഠനമുറിക്ക്‌ രണ്ട് അപേക്ഷകരിൽ ഒരാൾക്ക്‌ മാത്രമാണ്‌ സഹായം ലഭിച്ചത്. ശുചീകരണത്തൊഴിലാളികളുടെ അഭാവംമൂലം ശുചീകരണം വഴിമുട്ടി ജീവനക്കാരെ നിയമിക്കാത്തതിനുപിന്നിൽ അഴിമതി ഉണ്ടെന്നാണ് എൽ.ഡി.എഫ്. ആരോപണം.

നഗരസഭാ കാര്യാലയത്തിനു മുന്നിൽ സി.പി.എം. നടത്തിയ ധർണ സി.എൻ.സത്യനേശൻ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജാ അനിൽ അധ്യക്ഷയായി. സി.പി.എം. ഏരിയാ സെക്രട്ടറി ബി.ശശികുമാർ, കൗൺസിലർമാരായ എം.എസ്‌.വേണുക്കുട്ടൻ, എൻ.എൻ.വിനോദ്‌, സിന്ധു ജയകുമാർ, എബി കുന്നേപ്പറമ്പിൽ, ജിബി ജോൺ, സി.ജി.രഞ്ജിത്‌, പി. ഡി.സുരേഷ്‌ എന്നിവർ സംസാരിച്ചു. നഗരസഭാ ഹാളിലും പ്രതിഷേധസമരം നടത്തി.

മുനിസിപ്പൽ എൻജിനീയർക്കെതിരേ ഒന്നടങ്കം

കോട്ടയം : മുനിസിപ്പൽ എൻജിനീയർക്ക് ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ വിമർശം. വാർഡുകളിൽ ടെൻഡർ ജോലികളടക്കം നടപ്പാകുന്നില്ലെന്ന് യു.ഡി.എഫ്. കൗൺസിലർമാരടക്കം ആരോപിച്ചു. തുടർന്ന് മുനിസിപ്പൽ എൻജിനീയറോട് മറുപടി പറയാൻ അധ്യക്ഷ ആവശ്യപ്പെട്ടു. എൻജിനീയർ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. സ്പിൽ ഓവർ വർക്കുകളിൽ എത്ര വർക്കുകൾ തീർന്നു, എന്നത്തേക്ക്‌ പൂർത്തിയാക്കാനാകും അല്ലെങ്കിൽ ഒക്ടടോബർ 31-നെങ്കിലും തീരുമോയെന്ന്‌ എം.പി. സന്തോഷ് കുമാർ ചോദിച്ചു.

അപ്പോഴും എൻജിനീയർക്ക് മൗനം മാത്രം. ഇതോടെ കൗൺസിലർമാർ ഒരുമിച്ച് എൻജിനീയർക്ക് നേരേ ബഹളംവെച്ചു. മറുപടി നൽകാൻ കഴിയില്ലെങ്കിൽ സർക്കാരിന്‌ റിപ്പോർട്ട് നൽകണമെന്നും ഇവരെ സ്ഥലംമാറ്റണമെന്നും കൗൺസിലർമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഒടുവിൽ ഒക്ടോബർ 31-നകം സ്പിൽ ഓവർ വർക്കുകൾ തീർക്കാനും അല്ലാത്ത പക്ഷം എം.ഇ.യടക്കം ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും കൗൺസിൽ തീരുമാനിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..