പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഏറ്റെടുക്കൽ തുടങ്ങി


ആറ്‌ ഓഫീസുകൾ പൂട്ടി നടപടി യു.എ.പി.എ. നിയമപ്രകാരം

• ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന പീസ് വാലി കൾച്ചറൽ സെന്റർ പോലീസ് നോട്ടീസ് പതിപ്പിച്ച് സീൽ ചെയ്യുന്നു

കോട്ടയം : പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നടന്നിരുന്ന ഓഫീസും സ്ഥാവരജംഗമ വസ്തുക്കളും ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

ആദ്യപടിയായി ഓഫീസുകൾ പ്രവർത്തിച്ചിരുന്ന എല്ലാ കെട്ടിടങ്ങളിലും സ്ഥലങ്ങളിലും യു.എ.പി.എ. നിയമപ്രകാരം നോട്ടീസ് പതിക്കാൻ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. ഇതേത്തുടർന്ന്, കഴിഞ്ഞദിവസം കണ്ടെത്തിയ സ്ഥലങ്ങളിൽ പോലീസ് നോട്ടീസ് പതിച്ചു. ഓഫീസുകൾ പൂട്ടി സീൽചെയ്തു. കോട്ടയത്ത്‌ കുമ്മനം, ചങ്ങനാശ്ശേരിക്ക്‌ സമീപം കുന്നക്കാട്, കറുകച്ചാലിന്‌ സമീപം പത്തനാട്‌, ഈരാറ്റുപേട്ട, മുണ്ടക്കയം, ഇടക്കുന്നം, എന്നിവിടങ്ങളിലായി ആറിടത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളാണ്‌ സീൽചെയ്തത്‌.

കെട്ടിടവും വസ്തുവും ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവെന്നുകാട്ടിയാണ് നോട്ടീസ് പതിച്ചിട്ടുള്ളത്. തുടർന്ന് ഇത് ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. കുമ്മനം കളപ്പുരപ്പടിയിലുള്ള ഏഴുസെന്റ് സ്ഥലത്തെ ഷെഡ്ഡാണ് കോട്ടയത്ത് സംഘടനയുടെ പ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നത്. യോഗം ചേരുന്നതിനും പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും ഇവിടെ ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്.

ഈരാറ്റുപേട്ടയിൽ സ്ലോട്ടർ ഹൗസിന് സമീപമുള്ള പീസ്‌വാലി കൾച്ചറൽ സെന്റർ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് പാലാ ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസ് പതിച്ച് പൂട്ടിയത്. 15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് വാങ്ങിയ സ്ഥലത്താണ് ഓഫീസ്. കൾച്ചറൽ സെന്റർ എന്ന പേരിലാണ് ഇവിടെ പ്രവർത്തനം നടത്തിയത്. ബോർഡ് വെയ്ക്കാതെയാണ് ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. ഇടക്കുന്നത്തെ ഓഫീസ് വ്യാഴാഴ്ച പോലീസ് സീൽചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കുന്നതിനുള്ള നടപടി കളക്ടറാണ് സ്വീകരിക്കുക. പ്രവർത്തകരുടെ സ്ഥാവരജംഗമവസ്തുക്കളെക്കുറിച്ചും ബാങ്ക് ‌അക്കൗണ്ടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുകിട്ടുന്ന മുറയ്ക്ക്‌ പ്രവർത്തകർക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..