പ്രായമൊക്കെ ഒരു നമ്പരല്ലേ അത്‌ലറ്റിക്‌സിൽ തിളങ്ങി ജോൺ


Caption

കോട്ടയം : കാഞ്ഞിരപ്പള്ളി പാറത്തോട് മട്ടയ്ക്കൽ പി.എസ്. ജോണിന് പ്രായമെന്നത് ഒരു സംഖ്യ മാത്രമാണ്. 92-ാം വയസ്സിലും നൂറുമീറ്റർ സ്പ്രിന്റ് പൂർത്തിയാക്കാൻ വേണ്ടത് 21 സെക്കൻഡ്. സീനിയർ സിറ്റിസൺ ആയതിനുശേഷം പങ്കെടുത്ത അത്‌ലറ്റിക് മത്സരങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ചു. അന്താരാഷ്ട്ര, ദേശീയ,സംസ്ഥാനതല മത്സരങ്ങളിൽനിന്നായി 158 മെഡലുകൾ നേടി.

2016-ൽ ഏഷ്യയുടെ ബെസ്റ്റ് അത്‌ലറ്റ് അവാർഡ്, ഹർഡിൽസിൽ പുതിയ ഏഷ്യൻ റെക്കോർഡ്, ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, ഏഷ്യാഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ദേശീയ-സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകൾ ഇങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക.

ഇഷ്ടപ്പെട്ട ഇനം ഹർഡിൽസാണെങ്കിലും ലോങ്ജംപ്, റേസ് ഇനങ്ങളിലും മത്സരിക്കും. 87-ാം വയസ്സിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരാളാണെന്ന പ്രത്യേകതയുമുണ്ട്. ബെസ്റ്റ് സ്‌പോർട്‌സ്‍മാൻ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.

ജീവിതത്തിൽ ഏറ്റവും ആഘോഷിക്കപ്പെടേണ്ടത് വാർധക്യകാലമാണെന്നാണ് പി.എസ്. ജോണിന്റെ അഭിപ്രായം. ‘50-55 വയസ്സിലാണ് മനുഷ്യന്റെ ജീവിതം പൂർണതയിലേക്കെത്തുന്നത്. ആ സമയം വിലപിക്കാനുള്ളതല്ല’ -പി.എസ്. ജോൺ പറയുന്നു. കുട്ടിക്കാലത്ത്‌ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളിൽ അധ്യാപകനായതോടെ സ്പോർട്‌സിന്‌ ഇടവേള നൽകി. വിരമിച്ചതിനുശേഷമാണ് കായിക ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

2019-ൽ കായികദിനത്തിൽ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനോടനുബന്ധിച്ച് പ്രധാനമന്ത്രിയിൽനിന്ന് ആദരം ഏറ്റുവാങ്ങിയിരുന്നു. രാവിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്‌ കോളേജ് ഗ്രൗണ്ടിൽ രണ്ടുമണിക്കൂറിലധികം നീളുന്ന പരിശീലനം. പിന്നെ സ്വന്തം കൃഷിയിടത്തിൽ പണികളിലേർപ്പെടും. സ്‌പോർട്സും കൃഷിയും കഴിഞ്ഞാൽ ഇഷ്ടവിനോദം വായന. ഭാര്യ അന്നമ്മ ജോണിനും മകൻ റോയ് മട്ടയ്ക്കലിനും കുടുംബത്തോടുമൊപ്പമാണ് താമസം. മകൾ: സിന്ധു സേവ്യർ.ശനിയാഴ്ച തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജനദിനാഘോഷ ചടങ്ങിൽ മന്ത്രി പ്രൊഫ. ആർ. ബിന്ദുവിൽനിന്ന് ബെസ്റ്റ് സ്‌പോർട്‌സ്‍മാൻ വിഭാഗത്തിൽ വയോസേവന അവാർഡ് ഏറ്റുവാങ്ങും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..