തിരുനക്കര ബസ്‌സ്റ്റാൻഡ്‌: നാല്‌ കടകൾ നഗരസഭ ഒഴിപ്പിച്ചു


തിങ്കളാഴ്ച താക്കോൽ കൈമാറുമെന്ന്‌ വ്യാപാരികൾ

•  മോഹനന്റെ ‘ബൂട്സ് ഇന്ത്യ’ ചെരുപ്പുകട ഒഴിപ്പിച്ചപ്പോൾ

കോട്ടയം : തിരുനക്കര മുനിസിപ്പൽ ബസ്‌സ്റ്റാൻഡ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലെ കടകൾ നഗരസഭാധികൃതർ ഒഴിപ്പിച്ചുതുടങ്ങി. ശനിയാഴ്ച രാവിലെ നാല്‌ കടകളാണ്‌ നഗരസഭാധികൃതർ ഒഴിപ്പിച്ചത്‌. ഈ കടകൾ പൂട്ടി സീൽചെയ്തു. സി-ബ്ലോക്കിലെ രണ്ട്‌ കടകളും എ, ബി-ബ്ലോക്കുകളിലെ ഓരോ കടയുമാണ്‌ പൂട്ടിയത്‌. കടകളിലെ സാധനങ്ങൾ ഉടമകൾതന്നെ എടുത്തുമാറ്റി. എ-േബ്ലാക്കിലെ കെ.എം.എ. സ്റ്റോഴ്‌സ്‌, സി-ബ്ലോക്കിലെ ബൂട്ട്‌സ്‌ ഇന്ത്യ, മഞ്‌ജു ലോട്ടറി, ബി-ബ്ലോക്കിലെ കവിത ഫാഷൻസ്‌ എന്നീ കടകളാണ്‌ പൂട്ടിയത്‌.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം മറ്റ്‌ കടയുടമകളും സാധനങ്ങൾ മാറ്റിത്തുടങ്ങി. തിങ്കളാഴ്ച രാവിലെ കടകൾ ഒഴിഞ്ഞ്‌ താക്കോൽ നൽകുമെന്ന്‌ വ്യാപാരികൾ പറഞ്ഞു. ഇക്കാര്യം അധികൃതരെ നേരത്തേ അറിയിച്ചിരുന്നതായും തിടുക്കത്തിൽ ഒഴിപ്പിച്ചത്‌ മനുഷ്യത്വരഹിതമായ നടപടിയാണെന്നും വ്യാപാരികൾ പറഞ്ഞു.

നഗരസഭാ സെക്രട്ടറിയുടെ പേഴ്‌സണൽ അസിസ്റ്റന്റ്‌, റവന്യൂ ഓഫീസർ, റവന്യൂ ഇൻസ്പെക്‌ടർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ നടപടി സ്വീകരിച്ചത്‌. പോലീസും സ്ഥലത്തെത്തിയിരുന്നു.

കടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ആറാംതീയതി ഹൈക്കോടതിയിൽ ഒഴിപ്പിക്കൽ നടപടികളെക്കുറിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കണം. 24-ാം തീയതിവെച്ചാണ്‌ കടകൾ ഒഴിയാൻ നഗരസഭ ഉടമകൾക്ക്‌ നോട്ടീസ്‌ നൽകിയത്‌.

ഒരാഴ്ചക്കുള്ളിൽ ഒഴിയണമെന്നായിരുന്നു നോട്ടീസ്‌. കോടതിയിൽ റിപ്പോർട്ട്‌ നൽകേണ്ട പശ്‌ചാത്തലത്തിലാണ്‌ ശനിയാഴ്ച തിടുക്കത്തിൽ ഒഴിപ്പിക്കലുമായി വന്നതെന്ന്‌ വ്യാപാരികൾ ആരോപിക്കുന്നു. എന്നാൽ, തങ്ങൾക്ക്‌ നോട്ടീസ്‌ കിട്ടിയത്‌ 27-നാണെന്നും അതനുസരിച്ച്‌ തിങ്കളാഴ്ചവരെ സമയം നൽകേണ്ടതായിരുന്നെന്നും വ്യാപാരികൾ പറയുന്നു.

നാഗമ്പടത്തേക്ക്‌ അപേക്ഷ നൽകി ആറ്‌ വ്യാപാരികൾ

തിരുനക്കരയിൽ ഒഴിപ്പിക്കൽ ഉറപ്പായതോടെ നാഗമ്പടം പ്രൈവറ്റ്‌ ബസ്‌സ്റ്റാൻഡിലെ നഗരസഭാ മന്ദിരത്തിൽ മുറി ഏറ്റെടുക്കാൻ തയ്യാറായി ആറ്‌ വ്യാപാരികൾ കത്തുനൽകി.

നഗരസഭാ ഫിനാൻസ്‌ കമ്മിറ്റി ചേർന്ന്‌ ഇതിന്‌ അംഗീകാരം നൽകും. ബാക്കിയുള്ളവരെ തിരുനക്കരയിൽ കെട്ടിടംപൊളിക്കുന്ന മുറയ്ക്ക്‌ അവിടെത്തന്നെ താത്‌കാലികമായി കടകൾ ഒരുക്കാൻ സൗകര്യം ചെയ്തുകൊടുക്കുമെന്ന്‌ വൈസ്‌ ചെയർമാൻ ബി.ഗോപകുമാർ അറിയിച്ചു. പഴയ കല്പക സൂപ്പർ മാർക്കറ്റ്‌ കെട്ടിടമാകും ആദ്യം പൊളിക്കുക. ഇതിനുള്ള സർവേ റിപ്പോർട്ട്‌ ഉടൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

ബധിരകർണങ്ങളിൽ ആ വിലാപം

കോട്ടയം : ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാനെത്തിയ നഗരസഭാ അധികൃതർ വയോജനദിനത്തിൽ തെരുവിലിറക്കിയത്‌ കേൾവി പരിമിതിയുള്ള വയോധികനെ. തിരുനക്കര ബസ്‌സ്റ്റാൻഡ് ഷോപ്പിങ്‌ കോംപ്ലക്സിലെ കേൾവിപരിമിതിയുള്ള 74-കാരൻ മോഹനന്റെ ‘ബൂട്സ് ഇന്ത്യ’ എന്ന ചെരുപ്പുകടയാണ്‌ പൂട്ടിയത്‌. മോഹനന്റെ മകനും മകളും കേൾവി-സംസാര പരിമിതിയുള്ളവരാണ്‌. ഈ കടയായിരുന്നു അവരുടെ കുടുംബത്തിന്റെ ഏക ആശ്രയം. കഴിഞ്ഞ 40 വർഷങ്ങളായി മോഹനൻ ഇവിടെ കട നടത്തുന്നു. നിയമപാലകർ ആ മനുഷ്യന്റെ വിലാപം കേട്ടില്ല.

കണ്ണിൽ ചോരയില്ലാതെ നിയമം നടപ്പാക്കിയവർ, തെരുവിലേക്ക് പുറത്താക്കപ്പെട്ട മോഹനന്റെ കുടുംബം ഇനി എന്തുചെയ്യുമെന്നുകൂടി പറയണമെന്ന്‌ വ്യാപാരികൾ ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..