വിടപറയാത്ത


കോട്ടയം

Caption

കോട്ടയം : വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്നകാലം മുതൽ കോട്ടയവുമായി അടുത്തബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അന്ന്‌ ജില്ലയിലെ വിദ്യാർഥിപ്രവർത്തകരായിരുന്ന സാജുലാൽ, കെ.ആർ.അരവിന്ദാക്ഷൻ തുടങ്ങിയവരുമായെല്ലാം അടുത്ത ബന്ധം പുലർത്തിയിരുന്നു.

അദ്ദേഹം ആഭ്യന്തര ടൂറിസം വകുപ്പിന്റെ മന്ത്രിയായിരുന്ന കാലത്ത്‌ കുമരകത്ത്‌ ടൂറിസം വികസനത്തിന്‌ ഏറെ നടപടികളെടുത്തിരുന്നു. ഉത്തരവാദിത്വ ടൂറിസം പ്രോത്‌സാഹിപ്പിക്കാൻ പ്രത്യേക ശ്രദ്ധപുലർത്തി.

സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ ഫെബ്രുവരിയിലാണ്‌ അദ്ദേഹം അവസാനമായി കോട്ടയം ജില്ലയിലെത്തിയത്‌. ഉരുൾപൊട്ടൽ നാശംവിതച്ച കൂട്ടിക്കലിൽ സി.പി.എം. നിർമിച്ചുനൽകുന്ന 25 വീടുകളുടെ തറക്കല്ലിടൽ ഉദ്‌ഘാടനം ചെയ്യാൻ അദ്ദേഹം ഏന്തയാറ്റിലെത്തി. കഴിഞ്ഞവർഷം ഡിസംബറിൽ നീണ്ടൂരിൽ രക്തസാക്ഷികളുടെ 50-ാം വാർഷിക ദിനാചരണത്തിൽ അനുസ്മരണപ്രഭാഷണത്തിനായും അദ്ദേഹം എത്തിയിരുന്നു. പാലാ സെന്റ്‌ തോമസ്‌ കോളേജിൽ പ്രണയക്കൊലയ്ക്ക്‌ ഇരയായ നിഥിനാമോളുടെ അമ്മയ്‌ക്ക്‌ ഡി.വൈ.എഫ്‌.ഐ. 15 ലക്ഷം രൂപ കൈമാറിയ ചടങ്ങും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു.

സഖാവ്‌, നേതാവ്‌

‘സംഘടനയെ എങ്ങനെ നയിക്കണമെന്ന്‌ വ്യക്തമായ കാഴ്‌ചപ്പാടുള്ള നേതാവ്‌’- മുതിർന്ന സി.പി.എം. നേതാവ്‌ വൈക്കം വിശ്വൻ കോടിയേരിയെ ഓർക്കുന്നത്‌ ഇങ്ങനെ. ‘‘സംസ്ഥാനക്കമ്മിറ്റിയിൽ ഞാൻ വന്നശേഷമാണ്‌ കോടിയേരി എത്തുന്നത്‌. ഏറെക്കാലം സംസ്‌ഥാനക്കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഒന്നിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞു. ഞാൻ എൽ.ഡി.എഫ്‌.കൺവീനറും കോടിയേരി സംസ്ഥാന സെക്രട്ടറിയുമായിരിക്കെ പാർട്ടിയിലും മുന്നണിയിലും നേതൃപരമായ പങ്കുവഹിച്ചു. രാഷ്ട്രീയപ്രശ്നങ്ങൾ വ്യക്തയോടെ അവതരിപ്പിക്കുന്ന നേതാവായിരുന്നു കോടിയേരി”- വൈക്കം വിശ്വൻ പറഞ്ഞു.

പാർട്ടി സെക്രട്ടറി എന്ന നിലയിലും അതിന്‌ മുമ്പും കോട്ടയത്തെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നുവെന്ന്‌ മുൻ എം.എൽ.എ. കെ. സുരേഷ്‌ കുറുപ്പ്‌ അനുസ്മരിച്ചു. ‘‘സംഘടനാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌. എന്നാൽ, നടപ്പിൽ വരുത്തുന്നതിൽ തികഞ്ഞ പ്രായോഗികത’’- ഈ രണ്ടുവാചകങ്ങളിൽ കോടിയേരി എന്ന നേതാവിനെ വിശേഷിപ്പിക്കുകയാണ്‌ സംസ്ഥാനസമിതിയംഗം അഡ്വ. കെ.അനിൽ കുമാർ. വ്യക്തിബന്ധങ്ങൾ നിലനിർത്തിയിരുന്നു. ഏതുകാര്യവും ലളിതമായി വിശദീകരിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു-അനിൽകുമാർ ഓർക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..