ഒരിഞ്ചുഭൂമി വിട്ടുകൊടുക്കില്ല...


മാടപ്പള്ളി: ‘കുട്ടികൾ രണ്ടുപേരാണ്. അവർക്കായി കഷ്ടപ്പെട്ടു വാങ്ങിയതാണ് റീത്തുപള്ളിക്ക് സമീപമുള്ള 58 സെന്റ് സ്ഥലം. ഇതിന് നടുവിലൂടെയാണ് സിൽവർലൈൻ പാത കടന്നുപോകുന്നത്. ഇരുവശത്തും ബഫർസോണും സംരക്ഷിതമേഖലയും കഴിഞ്ഞാൽപിന്നെ സ്ഥലം മിച്ചമില്ല. ഈ വസ്തുവാകട്ടെ, വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ സ്വന്തമാക്കിയതാണ്. ഇത് വിൽക്കാനും പറ്റില്ല. ഈ സ്ഥലംകൊണ്ട് ഇനി എന്ത് പ്രയോജനം. ഇത് തിരികെക്കിട്ടാൻ ഏതറ്റംവരെയും പോകും. പോലീസ് ബലപ്രയോഗത്തിൽ തല്ലുവാങ്ങിയവർ ഇവിടെയുണ്ട്. ഇനിയും സ്വന്തം സ്ഥലം വിട്ടുകളയാൻ തയ്യാറല്ല. ഇതിനുവേണ്ടി മരണംവരെയും സമരം ചെയ്യും. എന്തുവന്നാലും സമരം തുടരും... എന്ത് പ്രതിസന്ധികളുണ്ടായാലും സമരവുമായി മുമ്പോട്ടുതന്നെ.’ റീത്തുപള്ളിയിലെ 58 സെന്റ് സ്ഥലത്തിന്റെ ഉടമ സോമിനി ബാബു പറയുന്നു.

‘സിൽവർലൈൻ പദ്ധതി പ്രദേശത്തുള്ള ഭൂമികളുടെ ക്രയവിക്രയം മരവിപ്പിച്ചതിനാൽ കുട്ടികളുടെ പഠനച്ചെലവിനായോ, വീടുവെയ്ക്കാനോ, ചികിത്സയ്ക്കായോ സ്ഥലം പണയപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യം ഒഴിവാകണം. ഇതിനായി പ്രതിരോധം തീർക്കുകയേ രക്ഷയുള്ളൂ...കുട്ടികളുടെ പഠനത്തിനും മറ്റുമായി ഇനി എങ്ങനെ പണം കണ്ടെത്താനാകും,’ എന്നാണ് സമരസമിതി പ്രവർത്തകർ ചോദിക്കുന്നത്.

മാടപ്പള്ളിയിൽ സിൽവർലൈൻ വിരുദ്ധ സമരത്തിനിടെ പോലീസിന്റെ ക്രൂര മർദനത്തിനിരയായ റോസ്‌ലിൻ ഫിലിപ്പിന്റെ കുടുംബത്തിന്റെ പേരിലുള്ള ഒന്നരയേക്കർ സ്ഥലമാണ് നഷ്ടമാകുന്നത്. ഇതോടൊപ്പം റോസ്‌ലിൻ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും പോകും.

ഇനി സമരമല്ലാതെ മറ്റ് മാർഗമില്ലെന്നാണ് റോസ്‌ലിൻ പറയുന്നത്. ‘പോലീസ് മർദിക്കുന്നെങ്കിൽ മർദിക്കട്ടെ, ജീവൻ പോയാലും സമരരംഗത്ത് സജീവമായിരിക്കും,’ അവർ വ്യക്തമാക്കി.മാടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തലിൽ ആരംഭിച്ച സത്യാഗ്രഹസമരത്തിന്റെ ഇരുന്നൂറാംദിവസമായ നവംബർ അഞ്ചിന് ഗാന്ധിസ്‌ക്വയറിൽ നടക്കുന്ന സത്യാഗ്രഹസമരം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

(അവസാനിച്ചു.)

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..