പുതുവേലി : എം.സി.റോഡിൽ പുതുവേലി വൈക്കംകവലയിലെ അപകട പരമ്പര ഒഴിവാക്കുന്നതിന് ശാസ്ത്രീയ പരിഹാരം വേണമെന്ന ആവശ്യവുമായി പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിച്ചു. കഴിഞ്ഞമാസം മാത്രം ഇവിടെ അഞ്ച് അപകടങ്ങളുണ്ടായി.
കെ.എസ്.ആർ.ടി.സി. ബസ് ഡിവൈഡറിൽ ഇടിച്ച് കയറിയതാണ് ഏറ്റവും ഒടുവിലത്തെ വലിയ അപകടം. ഇത്രയൊക്കെ അപകടങ്ങളുണ്ടായിട്ടും അധികൃതർ പരിശോധന നടത്താൻപോലും തയ്യാറായിട്ടില്ല. കൂത്താട്ടുകുളം ഭാഗത്തുനിന്ന് വരുമ്പോൾ ഡിവൈഡർ കാണില്ല. സൂചനാ സംവിധാനങ്ങളും ഇല്ല. ട്രാഫിക് സിഗ്‌നൽ ലൈറ്റ്, ദിശാബോർഡ് എന്നിവ വാഹനം ഇടിച്ചുതകർത്തു. ഡിവൈഡറിൽ റിഫ്ലക്ടർ സ്ഥാപിച്ചിട്ടുമില്ല.
രാത്രിയിൽ കൂത്താട്ടുകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെറിയ കയറ്റംകയറി എത്തുമ്പോൾ ഡിവൈഡർ കാണില്ല. മിക്ക ദിവസവും ഇവിടെ വാഹനങ്ങൾ ഡിവൈഡറിൽ ഇടിക്കുന്നു. ഈ ഭാഗത്തു സൗരോർജ വിളക്കുകളും തെളിയുന്നില്ല.
രണ്ടുവർഷം മുമ്പ് വൈക്കംകവലയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡിവൈഡർ പൊളിച്ച് നീക്കണമെന്ന ആവശ്യം ജനപ്രതിനിധികൾ ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുകൂല മറുപടി നൽകിയില്ല. നൽകിയ ഉറപ്പുകൾ മിക്കവയും കടലാസിലൊതുങ്ങി. അവ ഇങ്ങനെ: റോഡ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾക്കുശേഷം കർമപരിപാടികൾക്ക് രൂപം നൽകി നടപ്പാക്കും. ഡിവൈഡറിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കും. എം.സി.റോഡ്, വൈക്കം റോഡ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. നടപ്പാതകളിൽ പുതിയ സ്ലാബുകൾ സ്ഥാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..