Caption
പുതുവേലി : സ്‌കൂൾവിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പോകുകയായിരുന്ന നാല് വിദ്യാർഥികളെ എതിരേവന്ന കാർ ഇടിച്ചു. പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളിലൊരാൾ തെറിച്ച് സമീപത്തെ പുരയിടത്തിൽ വീണു. നിയന്ത്രണംവിട്ട് എതിർവശത്തെ മരത്തിലും വൈദ്യുതിത്തൂണിലുമായി ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി.
വെളിയന്നൂർ ഇളംതുരുത്തിയിൽ വീട്ടിൽ അനിലിന്റെ മകൻ ആദിത്യൻ (16), മോനിപ്പള്ളി മാങ്കുഴിയിൽ വീട്ടിൽ അലസ്റ്റിൻ സന്തോഷ് (15), പൂവക്കുളം നരിവേലി പുത്തൻപുര വീട്ടിൽ ജയന്റെ മകൾ അദ്രതി ജെ.നായർ (16), മുത്തോലപുരം കാഞ്ഞിരക്കാട്ട് ഹരിദാസിന്റെ മകൻ ആര്യൻ കെ.എച്ച്. (16) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലേകാലോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്ന് കൂത്താട്ടുകുളത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വിതച്ചത്. സ്ത്രീകൾ അടക്കമുള്ളവർ അപകടംവിതച്ച കാറിലുണ്ടായിരുന്നു. അപകടശേഷം പുറത്തിറങ്ങിയ ഇവരെയും രക്ഷാപ്രവർത്തിനെത്തിയവർ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ഇരുപതിലേറെ കുട്ടികൾ നടന്നുവരുന്നതിനിടയിലേക്കാണ് കാർ പാഞ്ഞു കയറിയത്. അപകടം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ. ഭാരവാഹികൾ, സ്‌കൂൾ വികസനസമിതി അംഗങ്ങൾ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.
കൂട്ടുകാർ ആകാശത്തുകൂടി പറന്നു; ഞങ്ങൾ ഭയന്ന് നിലവിളിച്ചു
കൂത്താട്ടുകുളം : സ്വകാര്യ ആശുപത്രിയുടെ മുറ്റത്ത് വൈകീട്ട് അഞ്ച് കഴിയുമ്പോഴും കുട്ടികൾ കൂടിനിൽപ്പുണ്ട്. പലരും ധരിച്ചിരിക്കുന്ന ഷർട്ടുകളിൽ രക്തക്കറ കാണാം. തങ്ങളുടെ കൂട്ടുകാർ കാറിടിച്ച് ആകാശത്തിലേക്ക് പറന്നുയർന്ന ഭീകരനിമിഷം അവരുടെ കണ്ണുകളിൽനിന്ന് മാഞ്ഞിട്ടില്ല. ആ ഭീകരനിമിഷത്തിന്റെ ഓർമ അവരുടെ വാക്കുകളിലും ഉണ്ട്.
എന്തുപറ്റിയെന്ന് ഓർമിക്കാനാകാതെ പരിക്കേറ്റവർ
കൂത്താട്ടുകുളം : പരിക്കേറ്റ് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾക്ക് മണിക്കൂർ ഒന്നിലെറെ കഴിയുമ്പോഴും എന്ത് സംഭവിച്ചു എന്ന് പറയാൻ കഴിയുന്നില്ല. എതിരേ കാർ വരുന്നതുകണ്ടു പിന്നെ എന്തുസംഭവിച്ചു എന്നറിയില്ലെന്ന് പരിക്കേറ്റ അദ്രതി, ആദിത്യൻ, ആര്യൻ, അലസ്റ്റിൻ എന്നിവർ പറയുന്നു. അദ്രതിയുടെ കാലിനാണ് പരിക്ക്. അലസ്റ്റിന്റെ മുഖത്ത് മുറിവുകളുണ്ട്.
2017-ലെ ഓർമയിൽ നാട് വിറങ്ങലിച്ചു
പുതുവേലി: വെള്ളിയാഴ്ച അപകടം നടന്നതിന് 150 മീറ്റർ മാത്രം ദൂരത്തിലാണ് 2017-ൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട അപകടം ഉണ്ടായത്. സ്‌കൂൾ വിദ്യാർഥികളുമായിപോയ ജീപ്പ് നിയന്ത്രണംനഷ്ടപ്പെട്ട് എം.സി.റോഡ് മറികടന്ന് മതിലിലിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഡ്രൈവറും മരിച്ചു. 13 കുട്ടികൾക്ക് പരിക്കേറ്റു.
എം.സി.റോഡിൽ പുതുവേലി-വൈക്കം കവലയിലായിരുന്നു അപകടം. മുത്തലപുരം ഭാഗത്തുനിന്നു കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ജീപ്പാണ് അപകടത്തിൽപെട്ടത്. മുത്തലപുരം സ്വദേശികളായ വട്ടപ്പാറയിൽ ഷിജി ജോസഫിന്റെ മകൾ ആൻമരിയ ഷിജി (5), പെരുമ്പിള്ളിൽ പി.പി.ദിലീപിന്റെ മകൾ നയന ദിലീപ് (6), ഡ്രൈവർ കുടിലിൽ (തെക്കെപള്ളിക്കപ്പറമ്പിൽ) സിബി ജോസഫ് എന്ന് വിളിക്കുന്ന ജോസ് ജേക്കബ് (50) എന്നിവരാണ് മരിച്ചത്. മരിച്ചത് യു.കെ.ജി. വിദ്യാർഥിനികളാണ്.
ആശങ്കയോടെ മാതാപിതാക്കൾ
പുതുവേലി : അപകട വിവരം സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ആശങ്കയിലായി. ഓരോരുത്തരും അറിയാവുന്ന അധ്യാപകരുടെ നമ്പരുകളിലേക്ക് വിളിച്ചു. ചിലർ ആശുപത്രിയിലേക്ക് ഓടിയെത്തി. വിവരം അറിഞ്ഞ് നിരവധി നാട്ടുകാരും ജനപ്രതിനിധികളും ആശുപത്രിയിലെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..