പുതുവേലി : സ്‌കൂളിന് മുന്നിലെ സീബ്രാലൈൻ മാഞ്ഞുതുടങ്ങി. കുട്ടികളെ ലക്ഷ്യമിട്ട് നിർമിച്ച സുരക്ഷാ വേലിയോടുകൂടിയ നടപ്പാതയിൽ മണ്ണുവീണ് കിടക്കുന്നു. വേഗനിയന്ത്രണ സൂചന പലക ഓടയിലാണെങ്കിൽ ദിശാസൂചന ബോർഡ് കുറ്റിക്കാട്ടിലാണ്. ഇവിടെ സ്ഥാപിച്ച സിഗ്നൽ ലൈറ്റാകട്ടെ ഡിവൈഡറിൽ പതിഞ്ഞ അവസ്ഥയിലും. പുതുവേലി വൈക്കം കവലയിലെ അവസ്ഥയാണിത്. ഇവിടെയാണ് വെള്ളിയാഴ്ച സ്‌കൂൾ വിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പോയ നാല് വിദ്യാർഥികളെ കാർ ഇടിച്ചുതെറിപ്പിച്ചത്.
എം.സി. റോഡ് വികസനം നടക്കുന്നതിനിടയിലാണ് 2017-ൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീപ്പ് ഡ്രൈവറുടെയും ജീവനെടുത്ത അപകടം പുതുവേലി വൈക്കം കവലയിൽ ഉണ്ടായത്. ഇതേ തുടർന്നാണ് ഇവിടെ സിഗ്നൽ ലൈറ്റടക്കം സ്ഥാപിച്ച് എം.സി.റോഡ് വികസനം പൂർത്തിയാക്കിയത്.
ഡിവൈഡറടക്കം സ്ഥാപിച്ചുള്ള വികസനം അശാസ്ത്രീയമായിരുന്നു എന്നാണ് ഓരോ ദിവസത്തെയും അപകടം സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലത്തേതാണ് വെള്ളിയാഴ്ച നടന്ന അപകടം.
വൈക്കം റോഡിൽ അപകടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. ഇത് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. പിന്നീട് വിളക്കുകാലുകളിൽ വിളക്ക് ഒടിഞ്ഞുതൂങ്ങിയ അവസ്ഥയിലായിരുന്നു. അടുത്ത നാളുകളിലുണ്ടായ അപകടത്തോടെയാണ് ഡിവൈഡറിലെ സിഗ്നൽ വിളക്കുകൾ നിലംപറ്റിയത്.
വാഹനം ഇടിച്ചു തകർത്തതിനെത്തുടർന്നു വലിയ ദിശാബോർഡ് വർഷങ്ങളായി കുറ്റിക്കാട്ടിലാണ് കിടക്കുന്നത്. പുതിയ ബോർഡ് സ്ഥാപിക്കാൻ പണം നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല.
എം.സി. റോഡിലെ സൗരോർജ വിളക്കുകൾ പൂർണമായി തകരാറിലാണ്. വൈക്കം റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡർ അപകടക്കെണിയാണ്. കൂത്താട്ടുകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത വിധത്തിലാണ് നിർമാണം. പരാതികൾ വ്യാപകമായതോടെ അടുത്ത നാളിൽ ഇവിടെ റിഫളക്ടർ സ്ഥാപിച്ചു. അത് സ്ഥാപിച്ചതുകൊണ്ടുമാത്രം ഇവിടെ അപകടം കുറയില്ലെന്ന് തെളിയിക്കുന്നതാണ് വെള്ളിയാഴ്ചത്തെ അപകടം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..