ആറുവർഷം പിന്നിട്ടിട്ടും നടപ്പാകാതെ: ശബരിമല റോപ്‌വേ പദ്ധതി


പുതിയ റിപ്പോർട്ടിലും നടപടിയില്ല

അയ്യപ്പഭക്തർക്കിടയിലൂടെ സാധനങ്ങളും കയറ്റി നിരയായി പോകുന്ന ട്രാക്ടറുകൾ. മാളികപ്പുറത്തിന് സമീപത്തെ ദൃശ്യം

ശബരിമല : പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള റോപ്‌േവ പദ്ധതി രൂപകല്പന ചെയ്തിട്ട് ആറുവർഷം പിന്നിടുന്നു. പഠനവും റിപ്പോർട്ട് സമർപ്പണവും തർക്കവും തുടരുന്നതല്ലാതെ കാര്യമായ പുരോഗതികളൊന്നും പദ്ധതിയുടെ കാര്യത്തിലുണ്ടായിട്ടില്ല. പോലീസ് ബാരക്കിന് സമീപം രണ്ടിടത്തും നീലിമലയിലും മരക്കൂട്ടത്തും പമ്പ ഗവ. ആശുപത്രിക്ക് പിറകിലായുള്ള സ്ഥലത്തും കഴിഞ്ഞ വർഷം മണ്ണുപരിശോധന നടത്തിയതാണ് ഒടുവിലത്തെ പുരോഗതി. റിപ്പോർട്ട് വനംവകുപ്പിന് കൈമാറിയെങ്കിലും ഇതുവരെ തുടർ നടപടികളൊന്നും ഉണ്ടായില്ല.

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിനും അത്യാഹിതങ്ങളുണ്ടായാൽ ഉപയോഗിക്കാനാവുംവിധവുമാണ് റോപ് വേ ആസൂത്രണം ചെയ്തത്. 2015-ൽ അംഗീകരിച്ച പദ്ധതി 2019-ൽ തീർഥാടനകാലത്തിനുമുന്നേ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ദാമോദർ കേബിൾ കാർ കമ്പനിക്കാണ് നിർമാണത്തിന്റെ ചുമതല.

സന്നിധാനത്തേക്ക് പ്രസാദനിർമാണങ്ങൾക്കായി പ്രതിവർഷം 30 ലക്ഷം കിലോയിലേറെ ശർക്കരയും ഏഴുലക്ഷം കിലോയിലധികം അരിയും ആവശ്യമുണ്ട്. മറ്റ് അവശ്യവസ്തുക്കളും കടകളിലേക്കുള്ള സാധനങ്ങളും നിർമാണസാമഗ്രികളും വേറെ. ഇതെല്ലാം ട്രാക്ടറിൽ ദുർഘടമായ പാതയിലൂടെ കൊണ്ടുവരുന്നതിന് റോപ്‌വേ വരുന്നതോടെ പരിഹാരമാകും. നിലവിൽ തിരക്കേറിയ സമയത്ത് തീർഥാടകർക്കിടയിലൂടെ ട്രാക്ടർ കടന്നുപോകുന്നത് അപകടസാധ്യതയുണ്ടാക്കുന്നു.

രൂപരേഖ ഇങ്ങനെ

:21 തൂണുകൾ എന്നുള്ളത് പുതിയ രൂപരേഖയിൽ ഏഴാക്കിയിട്ടുണ്ട്. 12 മീറ്റർ വീതി. 2.98 കിലോമീറ്റർ ദൂരം. ഹിൽടോപ്പിലും സന്നിധാനത്ത് പോലീസ് ബാരക്കിനു സമീപവും അവസാന പോയിന്റുകൾ. ഇവിടെ സാധനം കയറ്റുന്നതിനുള്ള യന്ത്രങ്ങളടങ്ങുന്ന പ്രത്യേക ടവറുകൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..