Caption
കോട്ടയം : നഗരമധ്യത്തിൽ രാത്രിയിൽ പെൺകുട്ടിക്കുനേരേ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സി.എം.എസ്. കോളേജ് കാന്പസിൽ വിദ്യാർഥിനികൾ മുടിമുറിച്ച് കെട്ടിത്തൂക്കി പ്രതിഷേധിക്കുമ്പോൾ അത് സഹപാഠിയായ പെൺകുട്ടിക്ക് നൽകിയ വലിയ മാനസികപിന്തുണ. രാത്രി 10.30-ന് കോട്ടയം നഗരമധ്യത്തിൽ ഈവിധം ഒരു പെൺകുട്ടി പീഡിക്കപ്പെടുമ്പോൾ ‘എന്തിനാണ് പെണ്ണുങ്ങൾ രാത്രിയിൽ ഇറങ്ങിനടന്നതെന്ന’ പതിവ് ചോദ്യംേവണ്ടെന്ന് വിദ്യാർഥിനികൾ പറയുന്നു.
‘‘നിന്റെ കോളേജിലെ പെൺകുട്ടി തെരുവിൽ ആക്രമിക്കപ്പെട്ടത് നീ അറിഞ്ഞില്ലേ?. നിനക്കൊപ്പമുള്ളവർ അറിഞ്ഞില്ലേ?’’-കോളേജ് തിരഞ്ഞെടുപ്പ് ചൂടിൽനിന്ന് വീട്ടിലേക്ക് എത്തിയപ്പോൾ സി.എം.എസ്. കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി അഞ്ജന കാതറിൻ ബിനു അച്ഛനിൽനിന്ന് നേരിട്ട ചോദ്യം. അതിനുമുന്നിൽ ഒരുനിമിഷം പകച്ചുപോയി. അതോടെ സ്ത്രീകൾക്ക് സുരക്ഷ വേണമെന്നും അവരുടെ അവകാശങ്ങൾ നേടിയെടുക്കണമെന്നും വാശിപിടിച്ചിട്ടുള്ള താനടക്കമുള്ള സുഹൃത്തുക്കൾ ആ കൂട്ടുകാരിക്ക് എന്തു പിന്തുണ നൽകിയെന്ന ചിന്തയായി. ബുധനാഴ്ച പകൽ മുഴുവൻ ക്ളാസിലിരുന്നത് ആ ആലോചനയിലാണ്.
ആക്രമിക്കപ്പെട്ട സഹപാഠിയെ ഇടയ്ക്ക് വിളിച്ച് പിന്തുണ അറിയിച്ചു. അതുകൊണ്ടും ആവുന്നില്ല്ലല്ലോയെന്ന തിരിച്ചറിവിൽ ഉള്ളിൽ ജ്വലിച്ചുയർന്ന ഒരാവേശവുമായി അഞ്ജന കാതറിൻ ബിനു കോളേജിലെ േഗ്രറ്റ് ഹാളിന് മുന്നിലെത്തി. കത്രിക ഉപയോഗിച്ച് മുടിമുറിച്ച് കമ്പിൽ കെട്ടിത്തൂക്കി. ‘‘ലോകത്തെവിടേയും സ്ത്രീ ആക്രമിക്കപ്പെട്ടാൽ നമ്മൾ പിന്തുണ അറിയിക്കാറില്ലേ?. ഇതിപ്പോൾ സ്വന്തം കോളേജിലെ പെൺകുട്ടിയാകുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒരു പുതുവഴി വേണമെന്ന് തോന്നി’’.
അഞ്ജന മുടിമുറിച്ചതും കാന്പസിലെ വിദ്യാർഥികൾ ഒന്നൊന്നായി േഗ്രറ്റ് ഹാളിന് മുന്നിലേക്കെത്തി. അഞ്ജനയുടെ അതേ ക്ളാസിൽ പഠിക്കുന്ന ഗൗരീകൃഷ്ണയും നീളൻ മുടി മുറിച്ച് പ്രതിഷേധത്തിനൊപ്പം ചേർന്നു. വിദ്യാർഥിയെന്ന പരിഗണന മാറ്റിവെയ്ക്കൂ. രണ്ട് പേരാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടും സമൂഹത്തിന് ഒന്നും സംഭവിച്ചില്ലെന്ന മട്ടിലുള്ള നടിപ്പാണ് സഹിക്കാൻ കഴിയാത്തതെന്ന് അവർ.
‘‘നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ ഒപ്പമുണ്ടെന്ന്’’ പ്രതിഷേധിച്ച പെൺകുട്ടികൾ ആക്രമിക്കപ്പെട്ട പെൺകുട്ടിയെ അറിയിച്ചു. കിടക്കയിൽ തളർന്നു മയങ്ങിയിരുന്ന കൂട്ടുകാരിയുടെ ചുട്ടുപൊള്ളുന്ന മനസ്സ് തങ്ങളുടെ പിന്തുണയറിഞ്ഞ് അല്പം തണുത്തിട്ടുണ്ടാവുമെന്ന് അഞ്ജന. പിന്നീട് ബി.കോം അവസാനവർഷ വിദ്യാർഥി ലക്ഷ്മി ചന്ദ്രബോസും മുടി മുറിക്കാൻ മുന്നോട്ടുവന്നു. ‘‘സത്യത്തിൽ പ്രതികരിക്കാൻ വൈകിയെന്ന ചിന്തയാണ് എനിക്കുമുള്ളത്.’’ -ലക്ഷ്മി പറയുന്നു. മുടി മുറിച്ചതിന് പിന്നാലെ ബോർഡിലും പേപ്പറിലും പ്രതിഷേധ ഒപ്പുമിട്ടു വിദ്യാർഥികൾ. ശേഷം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ കാമ്പസിൽ പ്രതിഷേധച്ചങ്ങലയും തീർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..