പ്രധാനമന്ത്രി ഗതിശക്തി : ശബരി റെയിൽവേക്ക്‌ വീണ്ടും പ്രതീക്ഷ


പാലാ : ശബരി റെയിൽവേ പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ജില്ലയൂടെ കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി. ഒപ്പം ആശങ്കകളും അങ്കമാലിയിൽ നിന്നെത്തുന്ന ശബരി റെയിൽപാത ഇടുക്കി ജില്ലയിലെ കരിങ്കുന്നം കഴിഞ്ഞ് കോട്ടയം ജില്ലയിൽ പ്രവേശിച്ച് എരുമേലിയിലെത്തുംവിധമാണ് വിഭാവനം ചെയ്തിരുക്കുന്നത്.

നെല്ലാപ്പാറ മുതൽ എരുമേലി വരെയുള്ള ഗ്രാമീണ മേഖലകളിൽ റെയിൽവേ പദ്ധതിയുടെ അലയൊലികൾ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ശബരി റെയിൽവേ കടന്നുപോകുന്ന സ്ഥലങ്ങളെ സംബന്ധിച്ചും വർഷങ്ങളോളം തർക്കങ്ങളും വാദ പ്രതിവാദങ്ങളുമുണ്ടായിരുന്നു. പാതയുടെ അലൈൻമെന്റ് സംബന്ധിച്ച് പുനർനിർണയങ്ങൾ പലതവണ നടന്നു. പദ്ധതി പലതവണ ഉപേക്ഷിച്ച നിലയിലെത്തിയിരുന്നു.

അങ്കമാലിയിൽനിന്ന് മൂവാറ്റുപുഴ, തൊടുപുഴ വഴി കരിങ്കുന്നം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് നെല്ലാപ്പാറയിൽ ജില്ലയിൽ പ്രവേശിക്കുംവിധമാണ് പദ്ധതി. ഏറ്റവും അവസാനം നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം രാമപുരത്തിന് സമീപം പിഴകിലാണ് ആദ്യസ്റ്റേഷൻ. ഇവിടെ വരെ റെയിൽവേ സ്ഥലം അളന്നു നിശ്ചയിച്ചിട്ടുണ്ട്.

ഭരണങ്ങാനത്തിന് സമീപം ദീപ്തി, തിടനാട് പഞ്ചായത്തിലെ ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളിക്ക് സമീപം പാറത്തോട്, എരുമേലി എന്നിവിടങ്ങളിലാണ് പുതിയ അലൈൻമെന്റ് പ്രകാരം സ്റ്റേഷനുകൾ നിശ്ചയിച്ചിരിക്കുന്നത്. ജില്ലയിലെ ആദ്യ സ്റ്റേഷനായ പിഴക് മുതൽ എരുമേലി വരെ 38 കിലോമീറ്ററാണ് പുതിയ അലൈൻമെന്റ് പ്രകാരം ദൂരമുള്ളത്.

രാമപുരം, കടനാട് വെള്ളിലാപ്പള്ളി വില്ലേജുകളിലായി 22.1980 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുവാൻ നിശ്ചയിച്ചിരുന്നത്. ഈ മേഖലകളിൽ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് തർക്കങ്ങളുണ്ടായില്ല. ഇതു കഴിഞ്ഞുള്ള പ്രദേശങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങളുള്ളത്. നാല് വർഷം മുമ്പ് റെയിൽവേ സ്വകാര്യ ഏജൻസിയെ നിയോഗിച്ച് സ്ഥലം അളന്നു തിരിക്കുവാൻ തുടങ്ങിയിരുന്നു. എന്നാൽ ഭൂവുടമകൾ എതിർപ്പുയർത്തിയിരുന്നു.

പദ്ധതി നടപ്പാക്കുമ്പോൾ ജില്ലയ്ക്ക് ഏറെ പ്രതീക്ഷകളുണ്ട്. ശബരിമലയിലേക്ക്‌ എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് സുരക്ഷിത പാതയൊരുക്കുകയാണ് പദ്ധതിയുടെ ഏറ്റവും പ്രധാന ലക്ഷ്യം.

തീർഥാടകർക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽവേ മാർഗം എത്തിച്ചേരുമ്പോൾ റോഡ് ഗതാഗതത്തെ പൂർണമായും ആശ്രയിക്കുന്നത് ഒഴിവാക്കുവാൻ സാധിക്കും.

ഭരണങ്ങാനം അൽഫോൻസാ കേന്ദ്രം, രാമപുരത്തെ നാലമ്പലങ്ങൾ എന്നിവിടങ്ങളിലേക്കെത്തുന്നവർക്കും പ്രയോജനകരമാണ്. ജില്ലയിലെ വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളിലേക്കെത്തുന്നവർക്കും ശബരിപാത പ്രയോജനകരമാണ്. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, രാമപുരം തുടങ്ങിയ ടൗണുകളിലുള്ളവർക്ക് റെയിൽവേ യാത്രാസൗകര്യം കൈയെത്തുംദൂരത്ത് ലഭ്യമാകും. എരുമേലി വിമാനത്താവള പദ്ധതിയും ശബരിപാതയും ശബരിമല തീർഥാടനത്തിലെ നാഴികക്കല്ലാവും. നിർദിഷ്ട പാത പൂർത്തിയായാൽ റെയിൽവേ വികസനരംഗത്ത് സമഗ്ര പദ്ധതികൾക്ക് തുടക്കമായിമാറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..