എരുമേലിയിൽ ഭക്തർ നേരിടുന്ന ചൂഷണങ്ങൾ തടയാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദിയും സന്ന്യാസസഭ പ്രതിനിധികളും ദേവസ്വം ഓഫീസിന് മുൻപിൽ നാളികേരം ഉടച്ച് പ്രതിഷേധിക്കുന്നു
എരുമേലി : തീർഥാടനകാലം എരുമേലിയിൽ കച്ചവടകാലമാണെന്നും ശബരിമല തീർഥാടകർ ചൂഷണത്തിന് വിധേയരാവുകയാണെന്നും ഹിന്ദു ഐക്യവേദി. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കാൻ ദേവസ്വം ബോർഡിനും സർക്കാരിനും കഴിയുന്നില്ല. തീർഥാടനകാല ക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ എം.എൽ.എയും ഗ്രാമപ്പഞ്ചായത്തും ഉൾപ്പെടെ ജനപ്രതിനിധികൾ തയ്യാറാകുന്നില്ല. പോലീസും കടുത്ത വീഴ്ചയാണ് വരുത്തുന്നത്. എരുമേലിയിൽ ഭക്തർ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയരാവുകയാണെന്നും ഹിന്ദു െഎക്യവേദി ആരോപിച്ചു.
ഭക്തർ നേരിടുന്ന ചൂഷണത്തിൽ പ്രതിഷേധിച്ച് എരുമേലി ദേവസ്വം ഓഫീസിന് മുൻപിൽ ഭാരവാഹികൾ നാളികേരം ഉടച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഹിന്ദു ഐക്യവേദിയും സന്യാസ സഭയും ചേർന്നായിരുന്നു പ്രതിഷേധം.
പാർക്കിങ് മൈതാനങ്ങളിലും ശൗചാലയങ്ങളിലും ഭക്ഷണ ശാലകളിലും ഭക്തരോട് അമിതനിരക്ക് ഈടാക്കുന്നതായി ഹിന്ദു െഎക്യവേദി, സന്യാസ സഭ ഭാരവാഹികൾ പറഞ്ഞു. പാർക്കിങ്ങ് മൈതാനങ്ങൾ, കടകൾ, ശൗചാലയങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി എരുമേലിയിൽ ഭക്തർ നേരിടുന്ന പ്രതിസന്ധികളും ചോദിച്ചറിഞ്ഞു. ഭക്ഷണശാലകളിൽ അമിതവില, വിലവിവര പട്ടികയില്ല, പാർക്കിങ്ങിന് അമിത തുക, ശൗചാലയം ഉപയോഗിക്കാൻ ഇരട്ടി തുക തുടങ്ങി പലവിധ പ്രശ്നങ്ങൾ ഭക്തർ പങ്കുവെച്ചതായും ഭാരവാഹികൾ പറഞ്ഞു. തീർഥാടകർ നേരിടുന്ന പ്രശ്നങ്ങൾ സംഘം ദേവസ്വംബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, കെ.വി. ശാന്തകുമാർ, അംബിക, ഹരികൃഷ്ണൻ കനകപ്പലം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..