വൈക്കത്ത് ടൂറിസം സാധ്യതകളേറെ; പക്ഷേ, മനസ്സ് വേണം


വൈക്കം തോട്ടുവക്കത്തെ കെ.വി.കനാൽ

വൈക്കം : വേമ്പനാട്ടുകായൽ തീരത്തോട് ചേർന്നുകിടക്കുന്ന വൈക്കം നഗരത്തിൽ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. ചരിത്രവും സാംസ്‌കാരികവുമായ ഒരുപാട് കാര്യങ്ങൾ ടൂറിസത്തിലൂടെ ചെയ്ത് നേട്ടംകൊയ്യാൻ സാധിക്കുമെങ്കിലും അവ എത്രമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പ്രധാന ആകർഷണങ്ങൾ

നഗരത്തിന്റെ പ്രധാന ആകർഷണം വൈക്കം മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയാണ്. കായലോരബീച്ചും ശില്പ ഉദ്യാനവും പഴയ ബോട്ടുജെട്ടിയും നഗരസഭ കുട്ടികളുടെ പാർക്കും ചരിത്ര മ്യൂസിയവും പഴയ പോലീസ് സ്‌റ്റേഷനും കെ.ടി.ഡി.സി.യുടെ ഫുഡിവീലും സ്ഥിതിചെയ്യുന്നത് പടിഞ്ഞാറെ നടയിലാണ്.

സായാഹ്നം ആസ്വദിക്കാൻ പറ്റിയ ഇടമാണ് കായലോര ബീച്ച്. ലളിതകലാ അക്കാദമി സ്ഥാപിച്ച 10 ശില്പങ്ങൾ ബീച്ചിന്റെ മാറ്റുകൂട്ടുന്നു. ബോട്ട് യാത്ര ആഗ്രഹിക്കുന്നവർക്ക് അതും കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. മുനിസിപ്പൽ പാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആസ്വാദ്യകരമാണ്. മത്സ്യഫെഡിന്റെ അക്വേറിയം പാർക്കും ആകർഷണമാണ്. ചരിത്രത്തെക്കുറിച്ച് താത്പര്യമുള്ളവർക്ക് പുരാരേഖാ വകുപ്പിന്റെ വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധിമ്യൂസിയവും പഴയ പോലീസ് സ്‌റ്റേഷനും സന്ദർശിക്കാം. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന സ്മാരകമായ ഇണ്ടംതുരുത്തിമന സ്ഥിതിചെയ്യുന്നത് വടക്കേനടയിലാണ്. ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസുകൂടിയാണ് ഇപ്പോൾ മന.

വലിയ കവലയിൽ തന്തൈ പെരിയോർ സ്മാരകവുമുണ്ട്. ടി.കെ.മാധവൻ, മന്നത്ത് പദ്‌മനാഭൻ, എം.ജി.ആറിന്റെയും ജാനകിയുടേയും പ്രതിമകളും ഇവിടെ സ്ഥിതി ചെയ്യുന്നു. തീർഥാടന ടൂറിസത്തിന്റെ സാധ്യതകളും ഏറെയാണ്. വൈക്കം മഹാദേവക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. താമസിക്കാനാണെങ്കിൽ സർക്കാരിന്റെ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസും ഉണ്ട്.

എങ്ങനെ പ്രയോജനപ്പെടുത്താം

നഗരത്തിലെ പ്രധാന ആകർഷണങ്ങളെ ഉൾപ്പെടുത്തി ഒരു ടൂറിസം സർക്യൂട്ട് ക്രമീകരിക്കാം.

മട്ടാഞ്ചേരിയിലെ ജൂത തെരുവുപോലെ പടിഞ്ഞാറെ നടയെ മാറ്റിയെടുക്കാം. കച്ചവടക്കാർക്കും ഇത് പ്രയോജനംചെയ്യും.

വൈക്കം തോട്ടുവക്കത്തെ കെ.വി.കനാൽ വൃത്തിയാക്കി കയാക്കിങ് പോലുള്ളവ കൊണ്ടുവന്നാൽ കൂടുതൽ ആകർഷകമാക്കാം.

വേമ്പനാട്ടുകായലിൽ ശിൽപ്പ ഉദ്യാനത്തിന്റെ പിന്നിലായി സാഹസിക ജലവിനോദ ഉപകരണങ്ങൾ സ്ഥാപിച്ചാൽ നഗരസഭയ്ക്ക് വരുമാനമാകും.

ബീച്ചിലെ ഓപ്പൺ സ്റ്റേജ് പുനർനിർമിച്ചാൽ കുടുതൽ പ്രയോജനംചെയ്യും.

നഗരത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം.

ബീച്ചിന്റെ വള്ളക്കടവ് ഭാഗത്ത് ആർച്ച് രീതിയിൽ ചെറിയ പാലം പണിയണം.

നഗരസഭാ പരിധിയിലുള്ള കായലോരം കെട്ടിത്തിരിച്ച് നടപ്പാതയുണ്ടാക്കിയാൽ ഏറെ മനോഹരമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..