പഞ്ഞിപ്പാലത്ത് അനുമതികൂടാതെ നിലംനികത്തിയ നിലയിൽ
മറവൻതുരുത്ത് : രാഷ്ട്രീയ പിടിപാടും കൈയൂക്കുമുണ്ടോ. എങ്കിൽ കുലശേഖരമംഗലം വില്ലേജ് ഓഫീസ് പരിധിയിൽ നിങ്ങൾക്ക് നിലംനികത്താം. ആരും ചോദിക്കില്ല. റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ കൂടിയുണ്ടെങ്കിൽ സ്റ്റോപ്പ് മെമ്മോ നൽകിയാൽപോലും വീണ്ടും നികത്താം.
മറവൻതുരുത്ത് പഞ്ഞിപ്പാലം പ്രദേശത്താണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക നിലംനികത്തൽ നടത്തുന്നത്.
പ്രദേശത്തെ സി.പി.എം. ബ്രാഞ്ച് അംഗമാണ് അനുമതിയില്ലാതെയുള്ള നിലംനികത്തലിന് നേതൃത്വം നൽകുന്നത്. പ്രദേശവാസികൾ കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർക്ക് രേഖാമൂലവും ഫോണിലും പാലായിലെ റവന്യൂ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
ഇതിനുപിന്നാലെ ഇയാളെ വിളിച്ച് നികത്തൽ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വില്ലേജ് ഓഫീസർ പറയുന്നത്.
എന്നാൽ, ബുധനാഴ്ച വീണ്ടും ഇയാൾ മണ്ണിട്ടു. നാട്ടുകാർ വീണ്ടും അധികൃതരെ ബന്ധപ്പെട്ടെങ്കിലും തണുപ്പൻ മറുപടിയാണ് ലഭിച്ചത്.
മറവൻതുരുത്ത് ഭാഗത്ത് ഏറ്റവുംകൂടുതൽ പാടശേഖരമുള്ള പ്രദേശമാണ് പഞ്ഞിപ്പാലം. ഇവിടെ പാലത്തുതാഴെ ജനവാസപ്രദേശമാണ്. ഇതിനു സമീപമുള്ള സ്വന്തം പേരിലുള്ള പാടശേഖരമാണ് പാർട്ടി അംഗം നികത്തുന്നത്. സ്വന്തം ടിപ്പറിൽ എത്തിക്കുന്ന മണ്ണ് പകൽ നാട്ടുകാർ നോക്കിനിൽക്കുമ്പോൾതന്നെ പാടത്തേക്ക് തള്ളും.
പിന്നീട് ചെറിയ മണ്ണുമാന്തി യന്ത്രം എത്തിച്ച് നിരത്തും. വീട് നിർമിക്കാൻ മാത്രമേ നിലംനികത്താവൂ എന്നാണ് ചട്ടം. എന്നാൽ, സ്വന്തമായി വീടുള്ള ഇയാൾ യാതൊരു അനുമതിയും വാങ്ങാതെയാണ് ഇത് നടത്തുന്നത്. ഇക്കാര്യത്തിൽ രണ്ടുമാസംമുമ്പ് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ, വില്ലേജ് ഓഫീസ് അധികൃതർ നടപടിയെടുത്തില്ലെന്നുമാത്രമല്ല തങ്ങൾക്കെതിരേ ഇയാൾ ഭീഷണി മുഴക്കിയതായും ഇവർ പറയുന്നു.
വില്ലേജ് ഓഫീസിലെ ചിലർ പരാതിപ്പെടുന്നവരുടെ വിവരം അപ്പപ്പോൾ ഇയാളെ അറിയിക്കുന്നതായും ആക്ഷേപമുണ്ട്.
വ്യാപക നികത്തൽ
പഞ്ഞിപ്പാലം ഭാഗത്തെ ഉൾമേഖലകളിൽ വ്യാപക നിലംനികത്തലാണ് നടക്കുന്നത്. ഇവിടെ ഏക്കർകണക്കിന് സ്ഥലം ഇത്തരത്തിൽ നികത്തിക്കഴിഞ്ഞു.
രാഷ്ട്രീയക്കാരനാണെങ്കിൽ ആരും ചോദിക്കുകയുമില്ല. മൂവാറ്റുപുഴയാറിന്റെ കൈവഴി ഒഴുകുന്നത് പഞ്ഞിപ്പാലം പ്രദേശത്തുകൂടെയാണ്.
നിലംനികത്തൽ വ്യാപകമായതോടെ ഇതിന്റെ വീതി പലയിടത്തും കുറഞ്ഞുപോയി.
നിലംനികത്തലിനെത്തുടർന്ന് പ്രദേശത്തെ കിണറുകളും വറ്റിവരളുന്ന അവസ്ഥയിലാണ്. നീർത്തടങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമമിറക്കിയിട്ടും ഇവിടെ ഇതൊന്നും അറിഞ്ഞ മട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..