കുമാരനല്ലൂർ ഉത്സവ വേദിയിൽ ബുധനാഴ്ച രാത്രി ദീപ പാലനാടും മീര രാംമോഹനും അവതരിപ്പിച്ച കഥകളിപ്പദ കച്ചേരി
കോട്ടയം : മഹാകവി കുഞ്ചൻ നമ്പ്യാർ കുടമാളൂരിൽ ചെമ്പകശ്ശേരി രാജാവിന്റെ (അമ്പലപ്പുഴ രാജാക്കന്മാർ) ആശ്രിതനായി താമസിച്ചിരുന്ന കാലത്ത് പിതൃഗൃഹമായ കിടങ്ങൂരിലേക്കുള്ള യാത്രയ്ക്കിടയിൽ കുമാരനല്ലൂർ ദേവീദർശനവും ഭജനവും പ്രദക്ഷിണവും പതിവായിരുന്നു. അക്കാലത്ത് പ്രദക്ഷിണ വേളയിൽ ഉരുക്കഴിച്ചു ചൊല്ലിയ ദേവിയുടെ കേശാദിപാദ സ്തോത്രം കാലാതീതമായി ഇന്നും ഭക്തർ ചൊല്ലുന്നു.
'ശംഖൊണ്ടിടത്ത് മറുപാടൊരു ചക്രമുണ്ട്, കാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽ..' എന്ന് തുടങ്ങുന്ന ദേവിയുടെ ദിവ്യരൂപ വർണന നാടിന് മനഃപാഠമാണ്.
അക്കാലത്ത് ദേവകാന്താര രാഗത്തിൽ ആദിതാള ലയത്തിൽ എഴുതിയ ''ശ്രീകുമാരാലയ സ്തോത്രം' പ്രശസ്തകാവ്യമാണ്. 97-വർഷം മുൻപ് ഈ കൃതി കുമാരനല്ലൂർ ദേവസ്വം പ്രസിദ്ധീകരിച്ചു. സി.എസ്.എസ്. നമ്പൂതിരിയുടെ അവതാരികയോടെ കൊല്ലവർഷം 1101-ൽ സി.എസ്. നീലകണ്ഠൻ നമ്പൂതിരി പ്രസാധകനായി ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ വായ്മൊഴിയായി ഭക്തർക്ക് സ്തോത്രം കാണാപ്പാഠമായിരുന്നു. പിൽക്കാലത്ത് ദേവസ്വം നിരവധി പതിപ്പുകൾ പുറത്തിറക്കി. പുതു തലമുറയിലെ സംഗീതജ്ഞരും രാഗാർദ്രമായി സ്തോത്രംചൊല്ലും.
ആറാട്ടുവഴിയിൽ ദേവീസാന്നിധ്യം
കിഴക്കേനട ചൊവ്വാഴ്ച ഉണർന്നത് ദേവിയുടെ ആറാട്ട് എഴുന്നള്ളിപ്പ് കാണാനാണ്. അതിരാവിലെ തന്നെ മീനച്ചിലാറ്റിലെ പുത്തൻകടവു വരെയുള്ള ആറാട്ടുവഴിയിലെ ഭവനങ്ങൾക്ക് മുന്നിലെല്ലാം നിറതിരിയിട്ട വിളക്കുകളുടെ പ്രകാശം പരന്നു. ദേവി ആറാടാൻ പോകുന്നതും നീരാട്ടുകഴിഞ്ഞ് സർവാഭരണവിഭൂഷിതയായി തിരിച്ചെഴുന്നള്ളുന്നതും പ്രധാന ഗോപുരവഴിക്ക് സുകൃതമായി. ഇനി പള്ളിവേട്ട വരെ എല്ലാ ദിവസവും രാവിലെ പുത്തൻ കടവിലേക്ക് ആറാട്ടിന് ദേവിയുടെ എഴുന്നള്ളിപ്പുണ്ട്.
കുമാരനല്ലൂരിൽ ഇന്ന്
മൂന്നാം ഉത്സവം : ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് രാവിലെ 6.00, തിരിച്ചെഴുന്നള്ളിപ്പ് 7.30, വേല, വിളക്ക്, പഞ്ചവാദ്യം-ആനിക്കാട് കൃഷ്ണകുമാർ. രാത്രി 8.00, വിളക്ക് എഴുന്നള്ളിപ്പ്. 10.00.
പ്രതിഭാസംഗമം : കുമാരനല്ലൂർ ഡി.വി. ഹൈസ്കൂൾ വിദ്യാർഥികൾ വൈകീട്ട് 5.00, അഖിൽ കൃഷ്ണ, വിഷ്ണു എസ്.ശേഖർ-വയലിൻ ഡ്യൂയറ്റ്. 7.00, ഡോ. ലക്ഷ്മി മോഹന്റെ ഭരതനാട്യം. 8.00-ന്, അരുന്ധതിദേവി, സ്വപ്ന എസ്.നായർ-നൃത്തം. 9.30, കണ്ണൻ ജി.നാഥിന്റെ ഭക്തിസംഗീതം. 10.00.
നടപ്പന്തലിൽ : കുമാരനല്ലൂർ സ്നേഹക്കൂട് അമ്മമാരുടെ കീർത്തനാലാപനം. വൈകീട്ട് 6.00-ന്, നന്ദു കുടമാളൂർ, അനൂപ് എന്നിവരുടെ സോപാനസംഗീതം. 7.00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..