Caption
ശബരിമല : പമ്പയിൽനിന്ന് കെ.എസ്.ആർ.ടി.സി. നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്ക് തോന്നിയതുപോലെ. ഇടയ്ക്ക് എവിടെയിറങ്ങിയാലും ബസ് എവിടെയാണോ അവസാനിക്കുന്നത് അവിടെവരെയുള്ള ചാർജ് നൽകണം. തിരുവനന്തപുരം ബസിൽ കയറി പത്തനംതിട്ടയിലിറങ്ങണമെങ്കിൽ തിരുവനന്തപുരത്തേക്കുള്ള ചാർജ് നൽകിയേ മതിയാകൂ എന്നാണത്രെ നിയമം. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറിന് 294 രൂപയാണ് പമ്പയിൽ നിന്നുള്ള നിരക്ക്. പത്തനംതിട്ടയ്ക്ക് 143-ഉം. ചുരുക്കത്തിൽ പത്തനംതിട്ടയിൽ ഇറങ്ങേണ്ട തീർഥാടകൻ ഇരട്ടിയിലധികം രൂപ നൽകണം.
കെ.എസ്.ആർ.ടി.സി. പമ്പയിൽനിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ചെങ്ങന്നൂർ തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിനിടയിൽ ഇറങ്ങേണ്ട തീർഥാടകരാണ് കെ.എസ്.ആർ.ടി.സിയുടെ പരിഷ്കാരത്തിൽ വലഞ്ഞിരിക്കുന്നത്. പണം നഷ്ടമാകാതിരിക്കണമെങ്കിൽ ഇവർക്കൊക്കെ പലയിടത്തായി ഇറങ്ങിക്കയറിമാത്രമേ വീട്ടിലെത്താനാകൂ.
വരുമാനം വർധിപ്പിക്കാനുള്ള കോർപ്പറേഷന്റെ ഗൂഢാലോചനയാണ് ഇത്തരം നിരക്ക് ഈടാക്കലെന്നാണ് തീർഥാടകരുടെ പരാതി.
മലയിറങ്ങി ക്ഷീണിച്ചെത്തി ബസിൽ കയറി ഇരുന്ന് ഏറെക്കഴിയുമ്പോൾ ഉദ്യോഗസ്ഥരെത്തി ഇറക്കിവിടുന്നതും പമ്പയിൽ പതിവാണെന്ന് ഭക്തർ പറയുന്നു. ചെങ്ങന്നൂർ ഡിപ്പോയിൽനിന്നുള്ള ബസുകളിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് നൽകുന്നില്ലെന്നും പരാതി ഉണ്ട്. 180 രൂപയാണ് ചെങ്ങന്നൂരിൽനിന്നു പമ്പയ്ക്കുള്ള നിരക്ക്. സീറ്റ് കണക്കാക്കി പണം ലഭിച്ചാലേ ബസിൽ കയറ്റൂവെന്നാണ് അധികൃതരുടെ നിലപാട്.
സീറ്റ് നിറഞ്ഞെങ്കിലേ ബസെടുക്കൂ
പത്തനംതിട്ടയിൽനിന്നു പമ്പയിലേക്കുള്ള ബസുകൾ തീർഥാടകർ നിറഞ്ഞാലേ എടുക്കൂ. അതും മുഴുവൻ സീറ്റിലും ആൾ വേണം. ഇടയ്ക്കിടെ ബസിൽ കയറി കണ്ടക്ടർ നോക്കും. എപ്പോൾ സീറ്റ് നിറയുന്നുവോ അപ്പോൾ മാത്രമേ ബസെടുക്കൂ. ഇതിനിടയിൽ ചെങ്ങന്നൂരിൽനിന്നുള്ള ബസ് എത്തിയാൽ തീർഥാടകർ അതിൽ കയറും. ഫലത്തിൽ ബസ് വീണ്ടും വൈകും. മണിക്കൂറുകൾ ഇരുന്നാലേ പത്തനംതിട്ടയിൽനിന്ന് ബസ് പമ്പയ്ക്ക് നീങ്ങൂ.
വരുമാനം കുറയും
പത്തനംതിട്ടയ്ക്ക് ബസ് ഉള്ളപ്പോൾ തിരുവനന്തപുരം ബസിലേ കയറൂവെന്ന് ശഠിക്കുന്നത് ശരിയല്ല. തിരുവനന്തപുരം ബസിൽ പത്തനംതിട്ടയിലേക്കുള്ളവരെ കയറ്റുന്നത് വരുമാനം കുറയ്ക്കും. മൂന്ന് സീറ്റുകളുള്ളതിൽ കുട്ടികളെ നടുക്കിരുത്തിയാണ് ചില തീർഥാടകർ ഇരിക്കുന്നത്. ഒരാൾ കൂടി ഇരിക്കേണ്ട സീറ്റാണ് ഇങ്ങനെ നഷ്ടമാകുന്നത്.
കെ.എസ്.ആർ.ടി.സി. അധികൃതർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..