അയ്മനം കുഴിത്താറിൽ മൂലക്കാട്ട് തുമ്പലശ്ശേരി എസ്.ടി. കോളനി റോഡിന്റെ സമീപത്തെ തോട്ടിലേക്ക് തിട്ടയിടിഞ്ഞ് കാർ വീണനിലയിൽ
അയ്മനം: കല്ലുമട കുഴിത്താറിൽ തിട്ടയിടിഞ്ഞഭാഗത്ത് കാർ ആറ്റിലേക്ക് വീണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ മൂലക്കാട്ട് തുമ്പലശ്ശേരി എസ്.ടി. കോളനി റോഡിന്റെ സമീപത്തെ തോട്ടിലാണ് സംഭവം. കാറിലുണ്ടായിരുന്ന പ്രദേശവാസികൾ നീന്തിരക്ഷപ്പെട്ടു. ശബരിമല യാത്രയ്ക്കായി വാടകയ്ക്കെടുത്ത കാർ തിരികെ നൽകാൻ പോകുംവഴിയാണ് അപകടം.
2018-ലെ പ്രളയത്തിനു ശേഷം ആറ്റുതീരം ഇടിഞ്ഞുപോകാൻ തുടങ്ങിയതാണ്. അന്നുമുതൽ മൂന്നു തവണ തിട്ടയിടിഞ്ഞ് വാഹനങ്ങൾ മറിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ റോഡിന്റെ കുറച്ചു ഭാഗങ്ങൾ കൂടി ഇടിഞ്ഞു. നാട്ടുകാർ ചേർന്ന് ഇല്ലിമുളകൊണ്ട് താത്കാലിക സംരക്ഷണഭിത്തി നിർമിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.
അയ്മനം പഞ്ചായത്തിലെ 14-ാം വാർഡിലാണ് കുഴിത്താറിലെ മൂലക്കാട്ട് തുമ്പലശ്ശേരി എസ്.ടി.കോളനി റോഡ്. നിലവിൽ ഇവിടെയുള്ളവർ തോടിനക്കരെ വഴിയോരങ്ങളിൽവരെ വാഹനം നിർത്തിയിട്ടശേഷം വീടുകളിലേക്ക് നടന്നുപോകുകയാണ് പതിവ്. റോഡിന്റെ തിട്ടയിടിയൽ കാരണം പ്രായമായവരെയോ, രോഗികളെയോ കൊണ്ടുപോകാൻ പ്രദേശവാസികൾക്ക് ഭയമാണ്.
പഞ്ചായത്തിന്റെ ചെറിയ ഫണ്ടുകൊണ്ട് 600 മീറ്റർ നീളംവരുന്ന ആറ്റുതീരം സംരക്ഷിക്കാൻ സാധിക്കില്ലെന്ന് വാർഡംഗം മിനിമോൾ മനോജ് പറയുന്നു. കൂടുതൽ തുക അനുവദിക്കാൻ വാർഡംഗത്തിന്റെ നേതൃത്വത്തിൽ മന്ത്രിയെ സമീപിച്ചിട്ടും നടപടിയായില്ല.
രാഷ്ട്രീയസമ്മർദമാണ് ഫണ്ട് അനുവദിക്കുന്നതിൽ തടസ്സമെന്ന് അയ്മനം സി.പി.െഎ. ലോക്കൽ കമ്മിറ്റി ആരോപിച്ചു. അധികൃതർ വേണ്ട നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനാണ് അയ്മനം സി.പി.െഎ. ലോക്കൽ കമ്മിറ്റിയുടെ തീരുമാനം.
അന്നും ഇന്നും ഒരുപോലെ
2018
-ലെ പ്രളയത്തിൽ റോഡിന്റെ പലഭാഗങ്ങളും ആറ്റിലേക്ക് ഇടിഞ്ഞു വീണിരുന്നു. തിട്ടകെട്ടി ആറ്റുതീരം സംരക്ഷിക്കാൻ വാർഡംഗം മിനിമോൾ മനോജിന്റെയും നാട്ടുകാരുടെയും അഭ്യർത്ഥനയെ തുടർന്ന് അന്ന് എം.എൽ.എ. ആയിരുന്ന സുരേഷ്കുറുപ്പിന് റോഡിന്റെ അവസ്ഥ വിശദീകരിച്ച് കത്തു നൽകി. അതുപ്രകാരം എസ്റ്റിമേറ്റ് എടുത്തു. എന്നാൽ അന്ന് തിരഞ്ഞെടുപ്പ് സമയമായതിനാൽ ബാക്കി പ്രവർത്തനങ്ങൾ നടത്തിയില്ല.
2022
നാട്ടുകാരുടെ ഒപ്പുശേഖരണം നടത്തി. മന്ത്രിയും സ്ഥലം എം.എൽ.എയുമായ വി.എൻ.വാസവനെയും അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാനെയും നേരിൽ കണ്ട് പ്രശ്നങ്ങൾകാണിച്ച് നിവേദനം നൽകി. എങ്കിലും നാളിതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..