• ചാവറ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
പാലാ : അന്യരുടെ ജീവിതം സ്വന്തമെന്നപോലെ തിരിച്ചറിയുമ്പോളാണ് ശരിയായ വിദ്യാഭ്യാസം നേടുകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാവറ പബ്ലിക് സ്കൂൾ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങൾ പകർന്നുനൽകുന്ന അറിവ് മാത്രമല്ല വിദ്യാഭ്യാസം. ഹൃദയത്തിൽ നന്മയുടെ വറ്റാത്ത പ്രവാഹത്തിനുള്ള വഴിയാകണമത്. മറ്റുള്ളവരുടെ വേദന അറിയാനും ഒപ്പം നിൽക്കാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം-അദ്ദേഹം പറഞ്ഞു.
സി.എം.ഐ. സന്ന്യാസസഭയും വിശുദ്ധ ചാവറയച്ചനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. സമത്വവും സമൂഹത്തിന്റെ ഉന്നമനവും ആണ് സി.എം.ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനപ്പുറം സമൂഹത്തിന്റെ നന്മകൂടി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകണം. ഇക്കാര്യത്തിൽ അധ്യാപകരുടെ പങ്ക് വലുതാണ്. ഇംഗ്ലീഷിൽ എഴുതി തയ്യാറാക്കിയ പ്രസംഗത്തിനുശേഷം മലയാളത്തിൽ എല്ലാവർക്കും ഗവർണർ ക്രിസ്മസ്-പുതുവത്സര ആശംസ നേർന്നു.
മാണി സി.കാപ്പൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. സി.ബി.എസ്. വിദ്യാർഥികൾക്കു സംസ്ഥാന സ്കൂൾ കലോത്സവം, കായികമേള തുടങ്ങിയവയിൽ പങ്കാളിത്തം നൽകുന്ന കാര്യത്തിൽ ഗവർണർ ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, മാനേജർ ഫാ.ജോസുകുട്ടി പടിഞ്ഞാറെപ്പീടിക, സ്ഥാപക പ്രിൻസിപ്പൽ ഫാ.സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, ഫാ.മാത്യു കരീത്തറ, ഡോ. ഷീന സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് ഗവർണർക്കു സമ്മാനിച്ചു. സമ്മേളന വേദിയിൽ മുഹമ്മദ് റഫിയുടെ പ്രസിദ്ധമായ ക്യാ ഹുവാ തേരാ വാദാ എന്ന ഗാനം പാടിയ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയ് വി.ഐസനെ ഗവർണർ വേദിയിലേക്കു വിളിച്ചുവരുത്തി അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..