മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമ അനാവരണം ചെയ്ത് ഗവർണർ പുഷ്പാർച്ചന നടത്തുന്നു
പാലാ : പാലായുടെ മനംകവർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതി സമുച്ചയ പരിസരത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണറോടൊപ്പം സെൽഫിയെടുക്കുവാൻ തിരക്കായിരുന്നു. സെൽഫിയെടുക്കാനെത്തിയവർക്ക് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും മറികടന്ന് പ്രോത്സാഹനമേകി.
കുട്ടികളെ ചേർത്തുപിടിച്ച് അനുഗ്രഹങ്ങൾ നൽകി. സെൽഫിയെടുക്കുവാനെത്തിയവരോട് തിരക്കുവേണ്ടെന്ന് ഉപദേശിച്ചു. ആരെയും നിരാശരാക്കിയില്ല. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടിയെങ്കിലും എല്ലാവരോടും കുശലംപറഞ്ഞും തോളിൽ തട്ടിയുമായിരുന്നു ഗവർണർ മടങ്ങിയത്.
ചാവറ പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ പാലാക്കാരെ കഠിനാധ്വാനികളെന്ന് ഗവർണർ വിളിച്ചു പുകഴ്ത്തി. തരിശുഭൂമികൾ ഫലഭൂയിഷ്ഠമാക്കി മാറ്റിയവരാണ് പാലാക്കാരെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിക്ക് പാലാ നൽകിയ മഹത്തരമായ ആദരവാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്‌ക്വയറുമെന്ന ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ദൗത്യം ഏറ്റെടുത്ത മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനെ ഗവർണർ അഭിനന്ദിച്ചു.
ഗാന്ധിസ്‌ക്വയറിൽ പ്രതിമ ഉദ്ഘാടനംചെയ്യുവാനെത്തിയ ഗവർണറെ മാണി സി. കാപ്പൻ എം.എൽ.എ., പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, മുനിസിപ്പൽ വാർഡ് കൗൺസിലർ ലിജി ബിജു എന്നിവർ സ്വീകരിച്ചു.
വക്കച്ചൻ മറ്റത്തിൽ, കുര്യാക്കോസ് പടവൻ, ഫാ. ജോസ് പുലവേലി, സജി മഞ്ഞക്കടമ്പിൽ, ചെറിയാൻ സി. കാപ്പൻ, ജോർജ് പുളിങ്കാട്, ടോണി തോട്ടം, ജോസ് പാറേക്കാട്ട്, ജോയി കളരിക്കൽ, സന്തോഷ് കാവുകാട്ട് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..