കോട്ടയം : വിദ്യാർഥിനിയെ ബൈക്കിൽ പിന്തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പുതുപ്പള്ളി പൊങ്ങംപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം.പ്രദീപിനെ (19) ആണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. പ്രതിയും സുഹൃത്തും ചേർന്ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തുകയും അസഭ്യംപറയുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തെതുടർന്ന് ഇരുവരും ഒളിവിൽ പോയി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ പുതുപ്പള്ളി സ്വദേശിയായ വിശ്വജിത്തിനെ നേരത്തെ പിടികൂടിയിരുന്നു. ദീപുവിനെ കുമരകത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ കോട്ടയം ഈസ്റ്റ്, മണർകാട്, പാമ്പാടി, വാകത്താനം എന്നി സ്റ്റേഷനുകളിൽ അടിപിടി, മോഷണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. എസ്.ഐ. മാരായ അനുരാജ്, അഖിൽ, സി.പി.ഒ. മാരായ പ്രതീഷ് രാജ്, അജിത്, വിപിൻ, അനൂപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..