മണക്കാട്ട് തെയ്യം ഇന്നുരാത്രി: അണിയറ ഒരുക്കം കാണാൻ പകൽ സൗകര്യം


ചിറക്കടവ് : മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ഉത്സവഭാഗമായി വെള്ളിയാഴ്ച രാത്രി തെയ്യം നടത്തും. കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് അവതരിപ്പിക്കുന്നത്. ഹരീഷ് ബാലുശേരി, സജീഷ് ചേലിയ, സജിത്ത് അയിലാടം, വട്ടോളി മണി, വിപിൻ പുത്തൂർ തുടങ്ങിയ പ്രശസ്ത കലാകാരന്മാർ ഉൾപ്പെടെ പത്തംഗ സംഘമാണ് തെയ്യാമാടുന്നത്.

മണക്കാട്ട് ഭദ്രാക്ഷേത്രത്തിന്റെ മൂലക്ഷേത്രമായ താമരക്കാട് പോർക്കലീ ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് വർഷങ്ങളായി തീച്ചാമുണ്ഡി തെയ്യം ആടുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായി തന്ത്രിയുടെ നിർദേശാനുസരണമാണ് മണക്കാട്ട് അഞ്ചുവർഷം മുൻപ് തെയ്യം തുടങ്ങിയത്.

കനലുകൾക്കുള്ളിൽ പലതവണ ചാടുന്നതും അഗ്നികുണ്ഡത്തിന് മുകളിൽകിടന്ന് കനലുകൾ കൈകാലുകൾ കൊണ്ട് തട്ടിത്തെറിപ്പിക്കുന്നതുമായ തീച്ചാമുണ്ഡിത്തെയ്യം, രക്തേശ്വരി, പഞ്ചുരുളി, കരിംകുട്ടിച്ചാത്തൻ, ഘണ്ടാകർണ്ണൻ എന്നീ കോലങ്ങളാണുള്ളത്. അരയിലും തലയിലും പന്ത്രണ്ടുവീതം തീപ്പന്തങ്ങൾ കെട്ടിയാടുന്ന തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശവും ഭക്തർക്ക് കാഴ്ചയാകും. മണക്കാട്ട് ഇത് അഞ്ചാംവർഷമാണ് തെയ്യം. ഇതാദ്യമായാണ് അഗ്നിപ്രവേശം.

തെയ്യക്കോലങ്ങളുടെ ഒരുക്കം വെള്ളിയാഴ്ച പുലർച്ചെ തുടങ്ങും. 25 മടൽ കുരുത്തോലയെങ്കിലും ഒരു തെയ്യത്തിന്‍റെ വഞ്ചികെട്ടുന്നതിനായി വേണം. ഇതിന് മണിക്കൂറുകൾ വേണ്ടിവരും. കറുത്തമഷി, മനയോല, ചായില്യം, അരിപ്പൊടി അരച്ചുണ്ടാക്കിയ ചാന്ത് എന്നിവയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ഇതുകൂടാതെ കാൽത്തള, ചിലമ്പ്, വെള്ളിയിൽ ഒരുക്കിയ തലപ്പാളി എന്നിവയും ഉണ്ടാവും. വരയും ഒരുക്കവും കാണുന്നതിനായി ഭക്തജനങ്ങൾക്കും സ്‌കൂൾകുട്ടികൾക്കും അവസരം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡൻറ് ടി.പി. രവീന്ദ്രൻപിള്ള, സെക്രട്ടറി വി.കെ. ബാബുരാജ് എന്നിവർ അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..