ഈരാറ്റുപേട്ട : മലയോര മേഖലകളിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസ് കുറച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയിരുന്ന സ്റ്റേ ബസുകൾ മുഴുവനും നേരത്തേ നിർത്തലാക്കി. കൂടാതെയാണ് സർവീസുകൾ കുറച്ചത്. ഇതുമൂലം കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി.
വൈകീട്ട് ഏഴിന് ശേഷം ചോലത്തടം, കൈപ്പിള്ളി, ചേന്നാട്, അടിവാരം, തലനാട്, വാഗമൺ എന്നീ പ്രദേശങ്ങളിലേക്കൊന്നും കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നില്ല. ഇപ്പോൾ ഡിപ്പോയിലെ ബസുകളുടെ എണ്ണം കുറഞ്ഞതോടെ ഈ സർവീസുകൾ പുനരാരംഭിക്കാനുള്ള സാധ്യതയില്ലാതായി. 6.30-നുള്ള കുന്നോന്നി, 7.30-നുള്ള അടിവാരം, എട്ടിനുള്ള കോലാഹലമേട്, ചേന്നാട്, 8.15-നുള്ള പറത്താനം, 8.30-നുള്ള കൈപ്പള്ളി, ഒൻപതിനുള്ള പൂഞ്ഞാർ, 9.30-നുള്ള അടിവാരം, തലനാട് എന്നിവയാണ് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് നിർത്തലാക്കിയ സ്റ്റേ ബസുകൾ.
ഗ്രാമീണ മേഖലയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ബസുകളുമില്ല. പൂഞ്ഞാർ-എറണാകുളം, ചേന്നാട്-തിരുവനന്തപുരം, പുള്ളിക്കാനം-കോട്ടയം, കൈപ്പള്ളി-തിരുവനന്തപുരം, അടുക്കം-തിരുവനന്തപുരം തുടങ്ങിയ സർവീസുകളും ഓടുന്നില്ല. പൂഞ്ഞാർ ഭാഗത്തേക്കുള്ള അവസാന ബസ് വൈകീട്ട് ആറിനും തീക്കോയി ഭാഗത്തേക്കുള്ളത് വൈകീട്ട് ഏഴിനുമാണ്.
ബസുകൾ പുനരാരംഭിക്കണം
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നു മലയോര പ്രദേശങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്ന സ്റ്റേ ബസുകളും ദീർഘദൂര ബസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയിലേക്ക് മാർച്ച് നടത്തി. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.കെ. മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.ജി.ശേഖരൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. സുനിൽ, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി പി.എസ്. ബാബു, കെ.എസ്.രാജു ലോക്കൽ സെക്രട്ടറി കെ.ഐ. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..