വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്‌റ്റേഷൻ
കടുത്തുരുത്തി : കോട്ടയം വഴിയുള്ള മംഗലാപുരം-തിരുവനന്തപുരം റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ട് ഏഴ് മാസം പിന്നിടുമ്പോളും കാര്യമായ പ്രയോജനം ലഭിക്കാതെ കോട്ടയം-എറണാകുളം റൂട്ടിലെ യാത്രക്കാർ. വർഷങ്ങൾ കാത്തിരുന്ന് പൂർത്തിയായ ഇരട്ടപ്പാതയിലൂടെ കഴിഞ്ഞ മേയ് മാസത്തിലാണ് യാത്രാ തീവണ്ടികൾ ഓടിത്തുടങ്ങിയത്.
എന്നാൽ ക്രോസിങ്ങിനായുള്ള പിടിച്ചിടലുകൾ ഒഴിവായതല്ലാതെ മറ്റ് വ്യത്യാസങ്ങൾ ഒന്നുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ആറ് പ്ലാറ്റ്‌ഫോമുകളുമായി നവീകരിച്ച കോട്ടയം സ്റ്റേഷനിൽനിന്ന് മലബാർ മേഖലയിലേക്ക് അടക്കം കൂടുതൽ ട്രെയിനുകൾ ആരംഭിക്കുക, നവീകരിച്ച വൈക്കം റോഡ്, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് മുതലായ ആവശ്യങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
പ്രയോജനമില്ലാതെ മെമു
:ഇരട്ടപ്പാതയുടെ ഉദ്ഘാടനത്തിന് കോട്ടയത്തിന് അനുവദിച്ച മെമു സർവീസാണ് എറണാകുളം-കായംകുളം മെമു സ്‌പെഷ്യൽ. രാവിലെ 8.45-ന് എറണാകുളത്തുനിന്നു പുറപ്പെട്ട് 10.10-ന് കോട്ടയം എത്തി 11.35-ന് കായംകുളം എത്തുന്ന മെമു സർവീസ് സ്റ്റോപ്പുകൾ ഇല്ലാതെ സർവീസ് നടത്തുന്നതിനാൽ സൂപ്പർഫാസ്റ്റ് മെമു എന്നാണ് യാത്രക്കാർക്കിടയിൽ അറിയപ്പെടുന്നത്. കേരള എക്‌സ്‍പ്രസ് പോലും നിർത്തുന്ന വൈക്കം റോഡ്, മാവേലിക്കര എന്നീ സ്റ്റേഷനുകളിലും തൃപ്പൂണിത്തുറയിലും ഈ മെമുവിന് സ്റ്റോപ്പില്ല.
വൈക്കത്ത് സ്റ്റോപ്പ് അനുവദിക്കണം
അരനൂറ്റാണ്ടായി വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ കാത്തിരിപ്പാണ് വേണാട്, വഞ്ചിനാട്, പരശുറാം എക്‌സപ്രസുകൾക്ക് വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ്.
കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർത്തിയായതും വൈക്കം റോഡ് സ്റ്റേഷൻ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഐലൻഡ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിട്ടു സ്ഥാപിതമായതും യാത്രക്കാരുടെ എണ്ണം കൂടിയിട്ടും സ്റ്റോപ്പ് അനുവദിക്കും എന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..