കടുത്തുരുത്തി : നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞസമയംകൊണ്ട് യു.കെ.യിൽ റെയിൽപാലം നിർമിച്ച് താരമായി പെരുവ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം. പെരുവ കാഞ്ഞിരംകണ്ടത്തിൽ ദീപക് തോമസിന്റ നേതൃത്വത്തിലാണ് വാർവിക്കിൽ മോട്ടോർ വേ 42-ന് കുറുകെ ബോക്‌സ് പാലം നിർമിച്ചത്. ലണ്ടൻ ബിർമിങ്ങാം ഹൈസ്പീഡ് റെയിൽവേക്കായി മോട്ടോർവേക്ക് കുറുകെ പാലം നിർമിക്കാൻ തീരുമാനിക്കുമ്പോൾ അധികൃതരെ പ്രതിസന്ധിയിലാക്കിയത് വാഹനത്തിരക്കേറിയ ഹൈവേ എങ്ങനെ അടച്ചിടുമെന്നോർത്തായിരുന്നു. എന്നാൽ, അധികൃതർ തന്നെ കണ്ടെത്തി. റോഡിനോട് ചേർന്ന് ബോക്‌സ് ബ്രിഡ്ജ് (ബോക്‌സ് രൂപത്തിലുള്ള പാലം) തയാറാക്കുക. പിന്നീട് ഇത് സ്ലൈഡ് ചെയ്ത് തൂണുകളിൽ റോഡിന് കുറുകെ ഉറപ്പിക്കുകയെന്നതായിരുന്നു പോംവഴിയായി കണ്ടത്. ഇങ്ങനെ ചെയ്താൽ കുറച്ചുദിവസങ്ങൾ മാത്രമേ ഗതാഗതപ്രശ്നങ്ങളുണ്ടാകൂവെന്ന് മനസ്സിലാക്കി.
ഏറെ ബുദ്ധിമുട്ടുകളും പ്രതിസന്ധിയും നിറഞ്ഞ നിർമാണജോലി ആരെ ഏല്പിക്കുമെന്നതായിരുന്നു അടുത്ത പ്രശ്നം. എന്നാൽ, ദീപക് തോമസും സംഘവും ഈ ജോലി ഏറ്റെടുക്കാൻ സ്വയം മുന്നോട്ട് വരുകയായിരുന്നു. തുടർന്ന് ഡിസംബർ 22 മുതൽ ജനുവരി മൂന്നുവരെ മോട്ടോർ വേ 42 അടച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്തെക്കാൾ ഏഴ് മണിക്കൂർ മുമ്പുതന്നെ പാലം നിർമാണം പൂർത്തിയാക്കി. സ്ലൈഡ് ചെയ്ത് പൂർത്തീകരിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽപാലവും യു.കെ.യിലെ ആദ്യത്തെ സ്ലൈഡിങ് ബോക്‌സ് പാലവുമാണ് ദീപക്കിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്.പെരുവയിലെ വ്യാപാരിയായ തോമസ് ചെറിയാന്റെയും കെ.എസ്.ഇ.ബി.യിൽ അക്കൗണ്ടന്റായിരുന്ന ലളിതയുടെയും മകനാണ്. യു.കെ.യിലെ ബാൽഫോർ ബിറ്റിവിഞ്ചി കമ്പനിയിൽ സീനിയർ പ്രോജക്ട് കൺട്രോളറായാണ് ദീപക് ജോലി ചെയ്യുന്നത്. ഭാര്യ ലിൻ രാജു ദീപക്കിനൊപ്പം ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..