ഈരാറ്റുപേട്ട : തകർന്നുകിടക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിലെ കുഴികൾ കൂടി യാത്രക്കാർ ദുരിതം കൂടുന്നതിനൊപ്പം റോഡിനെ ചൊല്ലിയുള്ള രാഷ്ടീയ പോരും കൂടുന്നു. റോഡ് തകരാൻ കാരണം മുൻ എം.എൽ.എ. ആണെന്ന് സി.പി.എം. ആരോപിക്കുമ്പോൾ സർക്കാരിന്റെയും ഇപ്പോഴത്തെ എം.എൽ.എയുടെയും കഴിവുകേട് മറച്ചുവയ്ക്കാനാണ് മുൻ എം.എൽ.എയ്‌ക്കെതിരെ പ്രസ്താവനകളുമായി വരുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജും പറയുന്നു. റോഡ് നിർമ്മാണം ഏറ്റെടുത്ത് കരാറുകാരൻ പാതി വഴിയിൽ നിർത്തിയതും കരാറുകാരനെ നീക്കം ചെയ്തതും പുതിയ ടെൻഡർ വിളിച്ചതിനുമെല്ലാം പരസ്പരം പഴിചാരികയാണ് ഇരുകൂട്ടരും. വർഷങ്ങളായി തകർന്നു കിടക്കുന്ന വാഗമൺ ഈരാറ്റുപേട്ട റോഡിന്റെ നിർമാണ പ്രവർത്തികൾക്ക് തുരങ്കം വച്ചത് മുൻ എം.എൽ.എയും മകനുമാണെന്ന് സി.പി.എം. പൂഞ്ഞാർ ഏരിയ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജോസഫ് ആരോപിക്കുന്നു. 2012 ൽ റോഡ് നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചവെങ്കിലും അന്ന് എം.എൽ.എ. ആയിരുന്ന പി.സി. ജോർജ് നിർമാണത്തിന് ആവശ്യമായ യാതൊരു പ്രവർത്തിയും നടത്തിയില്ലെന്നും കുര്യാക്കോസ് ജോസഫ് ആരോപിച്ചു.
2021 ൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേരിട്ടിടപെട്ടാണ് 19.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. എന്നാൽ നിർമാണം പൂർത്തീകരിക്കാത്ത കരാറുകാരനെ റിസ്‌ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തി റീടെണ്ടറൂം ചെയ്‌തെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷക്കാലമാണ് റോഡ് ഇത്രയും ശോചനീയമായതെന്നും അതിനുമുമ്പ് എല്ലാ കാലത്തും റോഡ് അറ്റകുറ്റപണികൾ നടത്തിയിരുന്നെന്നും കഴിഞ്ഞ പത്ത് വർഷത്തിൽ ഏഴു വർഷത്തോളമായി കേരളം ഭരിച്ചത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരും പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് സി.പി.എം മന്ത്രിമാരുമാണെന്നും ഷോൺ ജോർജ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..