Caption
കടുത്തുരുത്തി : നിർത്തിയിട്ടിരുന്ന സ്വകാര്യബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിർദിശയിൽനിന്നുവന്ന കുടിവെള്ള ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷാ യാത്രക്കാരനായ ഏറ്റുമാനൂർ തുമ്പശ്ശേരിയിൽ പി.ജെ. ജോസഫ്(സാബു-60) ആണ് മരിച്ചത്. പരിക്കേറ്റ ജോസഫിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ യാത്രക്കാരായ മൂന്നുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കാട്ടാത്തി സിയോൺ രാജേഷ് ഭവനിൽ രാജേഷ് (48), കാട്ടാത്തി മാവേലി നഗർ ചെകിടംതാനത്ത് സജി(54), കാട്ടാത്തി പനച്ചേൽ വിജയൻ(58) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്കും തലയ്ക്കും കാലിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കല്ലറ കുരിശുപള്ളി ജങ്ഷനിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. കല്ലറയിലെ ക്ഷേത്രത്തിൽ രാത്രി നടന്ന പരിപാടിയിൽ പങ്കെടുക്കാനായി ഡ്രൈവർ രാജേഷിനൊപ്പം പോയതായിന്നു നാലംഗസംഘം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അഗ്നിരക്ഷാസേന എത്തിയാണ് റോഡിൽ ഒഴുകിക്കിടന്നിരുന്ന രക്തവും ഡീസലും കഴുകിവൃത്തിയാക്കിയത്. ഓമനയാണ് മരിച്ച ജോസഫിന്റെ ഭാര്യ. മക്കൾ: അനു, അജി, അജിത്ത്. മരുമക്കൾ: ജെയിംസ്, ജോൺസൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പട്ടിത്താനം സെന്റ് ബോനിഫസ് പള്ളി സെമിത്തേരിയിൽ.
പി.ടി.എ.യോഗത്തിന് സ്കൂളിലേക്കുപോയ യുവാവ് സ്വകാര്യ ബസിടിച്ച് മരിച്ചു
കോട്ടയം : സ്കൂളിൽ പി.ടി.എ. യോഗത്തിന് പോകാനായി ഒാട്ടോയിൽ വന്നിറങ്ങിയയാൾ സ്വകാര്യ ബസിടിച്ച് മരിച്ചു. പാക്കിൽ കവലയിൽ താമസിക്കുന്ന കണ്ണൂർ കീഴ്‌പള്ളി ചതിരൂർ മറ്റമുണ്ടയിൽ വീട്ടിൽ രാജ് മാത്യു (46) ആണ് മരിച്ചത്.
സ്കൂളിലെ പി.ടി.എ.പ്രസിഡന്റാണ് മരിച്ച രാജ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.40-ന് പാക്കിൽ കവലയിലായിരുന്നു അപകടം.
മക്കൾ പഠിക്കുന്ന പാക്കിൽ സെൻറ് തെരേസാസ് സ്കൂളിലെ പി.ടി.എ. മീറ്റിങ്ങിനായി പാക്കിൽ കവലയിൽ ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ കോട്ടയത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ‘ചാക്കോച്ചി’ എന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒാടിക്കൂടിയ നാട്ടുകാർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് ബസ് ഡ്രൈവർ കുറിച്ചി നീലംപേരൂർ പട്ടാശ്ശേരി കടായിത്തറ ഹൗസിൽ സി.കെ.ഷാജിയെ (44) കസ്റ്റഡിയിൽ എടുത്തു. ബസും കസ്റ്റഡിയിലാണ്.
കോട്ടയം ഗാന്ധിനഗറിലെ നിത്യ ഹോട്ടലിലെ ജീവനക്കാരനാണ് രാജ് മാത്യു. പാക്കിൽ കവലയിൽ രണ്ട് വർഷമായി വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യ: റീബ (പാക്കിൽ അറയ്ക്കൽ പടിക്കൽ കുടുംബാംഗം ). മക്കൾ: റിയ, റോഷൻ.
റോഷൻ മൂന്നാം ക്ലാസിലും റിയ രണ്ടാം ക്ലാസിലും പഠിക്കുന്നു. സഹോദരങ്ങൾ: ലിസി (കോഴിക്കോട്), ഗ്രേസി (പയ്യാവൂർ), ജോയി, ബേബി, ഷാലി (ഇടുക്കി), ജോസ്, ജോർജ്, റോണി.
മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്‌ച 11.30-ന് പാക്കിൽ സെൻറ് തെരേസാസ് സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കണ്ണൂരെ വീട്ടിൽ സംസ്കരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..