കടുത്തുരുത്തി : കല്ലറ ശ്രീ ശാരദാദേവീ ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് കാഴ്ചയുടെ വിരുന്നൊരുക്കിയ കല്ലറപ്പൂരം നാടിന് ആവേശമായി. കോവിഡിനുശേഷം നടക്കുന്ന വിപുലമായ ഉത്സവമായതിനാൽ പൂരം കാണാൻ വൻ പുരുഷാരമാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രം മേൽശാന്തി അജിത്ത് പാണാവള്ളി ഭദ്രദീപപ്രകാശനം നടത്തിയതോടെയാണ് പൂരം ചങ്ങുകൾ ആരംഭിച്ചത്.
കല്ലറ ശ്രീശാരദാ യൂത്ത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര മൈതാനത്താണ് പൂരം നടന്നത്. പകൽപ്പൂരത്തിന് കാഴ്ചയുടെ നിറവേകി ഒൻപത് ഗജരാജാക്കന്മാർ അണിനിരന്നു.
തിരുവമ്പാടി ചന്ദ്രശേഖരൻ കല്ലറ ശാരദാദേവിയുടെ പൊൻതിടമ്പേറ്റി. ഉഷശ്രീ ശങ്കരൻകുട്ടി, മധുരപ്പുറം കണ്ണൻ, മീനാട് വിനായകൻ, വേണാട്ട്മഠം ശ്രീകുമാർ, കുളമാക്കിൽ പാർഥസാരഥി, തോട്ടേക്കാട്ട് വിനായകൻ, പരിമണം വിഷ്ണു, വേണാട് ആദികേശവൻ എന്നീ കരിവീരന്മാർ അകമ്പടിയേകി. മേളകലാരത്നം ചൊവ്വല്ലൂർ മോഹനവാര്യരും 55-ൽപ്പരം കലാകാരന്മാരും അണിനിരന്ന പാണ്ടിമേളം നാദവിസ്മയം തീർത്തു. കുടമാറ്റവും മയിലാട്ടവും പൂരവർണവിസ്മയങ്ങളും ചമയങ്ങളും പൂരത്തിന് മിഴിവേകി. ക്ഷേത്രഭാരവാഹികളായ പി.ഡി.രേണുകൻ, കെ.വി.സുദർശനൻ, ഡി.പ്രകാശൻ, ശാരദാ യൂത്ത് ട്രസ്റ്റ് പ്രസിഡന്റ് മനോജ് പന്തലിൽത്താഴം, സെക്രട്ടറി രതീഷ് ബാബു എന്നിവർ നേതൃത്വം നൽകി. രാത്രി ഒൻപതിന് പള്ളിവേട്ട നടന്നു. ഉത്സവം ആറാട്ടോടെ ഞായറാഴ്ച സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..