പെരുവ-കടുത്തുരുത്തി റോഡിൽ വീട്ടിലേക്കുള്ള വഴിയടച്ച് പൈപ്പ് നന്നാക്കാനെന്ന പേരിൽ ജല അതോറിറ്റി കുഴിച്ച വലിയ കുഴി
കടുത്തുരുത്തി : വീട്ടിലേക്കുള്ള വഴിയടച്ച് പൈപ്പ് നന്നാക്കാനെന്ന പേരിൽ റോഡിൽ കുഴിയെടുത്തിട്ടിട്ട് ജല അതോറിറ്റി ജീവനക്കാർ മുങ്ങിയതായി പരാതി. ദുരിതം നേരിടുന്ന വയോധിക അധികൃതർക്ക് മുന്നിൽ പരാതിപറഞ്ഞ് മടുത്തു. ഒറ്റയ്ക്കു താമസിക്കുന്ന കൈലാസപുരം വെട്ടത്ത് പുത്തൻപുരയിൽ രുക്മിണിയമ്മയോടാണ് (75) ജല അതോറിറ്റിയുടെ അതിക്രമം.
പെരുവ-കടുത്തുരുത്തി റോഡിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് മൂന്നാഴ്ച മുമ്പ് പൊട്ടിയിരുന്നു. വെള്ളം കുത്തിയൊഴുകി രുക്മിണിയമ്മയുടെ വീടനകത്തും മുറ്റത്തും പറമ്പിലുമെല്ലാം കല്ലും മണ്ണും ചെളിയും നിറഞ്ഞു. ബന്ധുക്കളുടെയും പരിസരവാസികളുടെയുമെല്ലാം സഹായത്താലാണ് ഇതെല്ലാം നീക്കംചെയ്ത് വീടും പരിസരവും ശുചീകരിച്ചത്. ജീവനക്കാർ പൈപ്പ് നന്നാക്കിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും പൊട്ടി.
പിന്നീട് നാളിതുവരെ വീട്ടിലേക്കുള്ള വഴിയടച്ച് പ്രധാന റോഡിൽ എടുത്തിട്ടിരിക്കുന്ന വലിയ കുഴി മൂടാൻ ജല അതോറിറ്റി തയ്യാറായില്ല. ബസുകളടക്കം നിരവധി വാഹനങ്ങളും സ്‌കൂൾ വിദ്യാർഥികളും കാൽനടയാത്രക്കാരും അടക്കം ധാരാളപേർ കടന്നുപോകുന്ന റോഡാണിത്. സൂചനാ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.
കുഴിക്ക് ചുറ്റും റിബൺ കെട്ടി, സമീപത്തുള്ള വീപ്പയ്ക്ക് മുകളിൽ ചുവന്ന തുണികെട്ടിയതുമാണ് ജല അതോറിറ്റി അപകടം ഒഴിവാക്കാനായി ചെയ്തിട്ടുള്ള മുൻകരുതൽ. പലവിധ രോഗങ്ങളുള്ള വയോധികയ്ക്ക് അത്യാവശ്യത്തിന് ആശുപത്രിയിൽ പോകാൻ ഒരു വാഹനം വിളിച്ചാൽപോലും വീട്ടിലേക്ക് കയറാൻ കഴിയില്ല. ബൈക്ക് യാത്രികർ കുഴിയിൽ വീഴാതെ പലവട്ടം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
നിരവധിതവണ ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..