പരിശോധനയ്ക്കിടെ പാലകര-ഞീഴൂർ റോഡിൽ പി.എൽ.സി. ഫാക്ടറിക്കുസമീപത്തും പാലകര വൃദ്ധമന്ദിരത്തിന് സമീപത്തും ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി നശിക്കുന്നു
കടുത്തുരുത്തി : പരിശോധനയ്ക്കിടെ വെള്ളൂർ-വെളിയന്നൂർ പദ്ധതിയിലൂടെ കുറവിലങ്ങാട്ടേക്കു വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ കുത്തിയൊഴുകി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
ഇറുമ്പയം ജാതിക്കാമലയിൽനിന്നു വരുന്ന വെള്ളം അലരിയിൽനിന്നും പാഴുത്തുരുത്തി സെന്റ് ജോസഫ് വൃദ്ധമന്ദിരത്തിന് മുന്നിലൂടെ ഞീഴൂർ-പാലകര റോഡിലെത്തിയാണ് തോട്ടുവായിലേക്കു കടത്തിവിടുന്നത്. ഈ വഴിയിൽപ്പെടുന്ന വൃദ്ധമന്ദിരത്തിന് സമീപത്തും അടഞ്ഞുകിടക്കുന്ന പി.എൽ.സി. ഫാക്ടറിയുടെ സമീപത്തുമാണ് പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയത്.
തോട്ടുവായിലെ ഹബ്ബിലെത്തിച്ച ശേഷമാണ് ഇവിടെനിന്നും പമ്പുചെയ്തു ഓലിക്കാമലയിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തുമ്പോഴാണ് രണ്ടിടത്തായി പൈപ്പ് പൊട്ടിയത്. തോട്ടുവായിലെ ഹബ്ബിൽ വെള്ളമെത്തിയെന്നും പൈപ്പ് പൊട്ടിയതിനാൽ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നുമാണ് ജലഅതോറിറ്റി ഉഴവൂർ സെക്ഷനിലെ എ.ഇ. പ്രദീപ് പറഞ്ഞു.
കുറവിലങ്ങാട് മേഖലയിൽ വെള്ളം വിതരണം ചെയ്യേണ്ട ഓലിക്കാമലയിലെ ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങളെ തുടർന്ന് നാളുകളായി ഇങ്ങോട്ടുള്ള പൈപ്പ് ലൈൻ ഉപയോഗിക്കാതെ കിടക്കുകയായിരുന്നുവെന്നും പറയുന്നു. ടാങ്ക് നിർമിക്കേണ്ട സ്ഥലത്തേക്ക് വഴിയില്ലാത്തതാണ് തടസ്സമുണ്ടാക്കിയത്. ഇതിന് പരിഹാരംകണ്ട ശേഷമാണ് തിങ്കളാഴ്ച ടെസ്റ്റിങ് നടത്തിയത്.
റീ ബിൽഡ് കേരള പദ്ധതിയിലൂടെയാണ് വെള്ളൂർ-വെളിയന്നൂർ പദ്ധതിയിലൂടെ കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശത്ത് വെള്ളമെത്തിക്കാൻ നടപടികളായത്. പൊട്ടിയ പൈപ്പുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയശേഷം വെള്ളം വിതരണവുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..