Caption
ഈരാറ്റുപേട്ട : വാഗമൺ-ഈരാറ്റുപേട്ട റോഡ് റീ-ടെൻഡർ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിച്ചു. സെലക്ഷൻ നോട്ടീസ്, എഗ്രിമെന്റ് തുടങ്ങിയ നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് ഈ മാസംതന്നെ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു.
റോഡ് ഉയർന്ന നിലവാരത്തിൽ റീ ടാറിങ്ങിന് അനുവദിക്കപ്പെട്ട 19.90 കോടി രൂപ വിനിയോഗിച്ച് ആദ്യം കരാർ ഏറ്റെടുത്തിരുന്ന ഡീൻ കൺസ്ട്രക്ഷൻസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചകൾമൂലം പ്രവൃത്തികൾ നടന്നില്ല.
തുടർന്ന്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്തുനൽകി. ഉന്നതതല യോഗം ചേർന്ന് വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കാൻ നിശ്ചയിച്ചു.
റിസ്‌ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് പ്രവൃത്തി റീ-ടെൻഡർ ചെയ്യുകയായിരുന്നു. മുൻ കരാറുകാരന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. റീ-ടെൻഡറിൽ ഏഴ് കരാറുകാർ ക്വോട്ട് ചെയ്തെങ്കിലും പ്രീ-ക്വാളിഫിക്കേഷനിൽ അഞ്ചുപേരാണ് യോഗ്യത നേടിയത്. ഇതിൽനിന്നും ഏറ്റവും കുറച്ച് ക്വോട്ടുചെയ്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ ലഭിച്ചു.
പ്രതിഷേധങ്ങളുടെ വിജയം-ഷോൺ ജോർജ്
വാഗമൺ റോഡിന്റെ റീ-ടെൻഡർ നടപടികൾ പൂർത്തീകരിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെയും ശക്തമായ ഇടപെടലുകളുടെയും വിജയമാണെന്ന് ജില്ലാപഞ്ചായത്ത് അംഗം ഷോൺ ജോർജ്.
2022 ഓഗസ്റ്റ് 24-ന് നിർമാണ കാലാവധി പൂർത്തിയായിട്ടും മുൻ കരാറുകാരനെ ടെർമിനേറ്റ് ചെയ്യാനോ റീ-ടെൻഡർ നടപടികൾ സ്വീകരിക്കാനോ തയ്യാറാകാതിരുന്ന സർക്കാർ, ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായത്.
ശക്തമായ ജനകീയ പ്രക്ഷോഭവും ഇതോടൊപ്പം ഉണ്ടായി. മഴക്കാലത്തിനുമുമ്പായി നിർമാണം പൂർത്തീകരിക്കുന്നതിന് ശക്തമായ നിരീക്ഷണവും ഇടപെടലുകളും തുടർന്നും ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..