Caption
കടുത്തുരുത്തി : കുടിവെള്ള വിതരണത്തിനായി ജല അതോറിറ്റി സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ പൊട്ടുന്നത് വ്യാപകം. പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ ജല അതോറിറ്റി ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജലവിതരണം നിർത്തിവെക്കുന്നതോടെ പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും വർധിക്കുകയാണ്. കുടിവെള്ളവിതരണം താളം തെറ്റുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. ജാതിക്കാമലയിലുള്ള ടാങ്കിൽനിന്നാണ് കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ, കല്ലറ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നത്. ഇവിടെനിന്നുള്ള വിതരണ ലൈനിലെ പൈപ്പുപൊട്ടി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുടിവെള്ളം മുടങ്ങുമെന്ന ജല അതോറിറ്റിയുടെ അറിയിപ്പ് ആഴ്ചയിൽ ഒരിക്കൽ എന്ന കണക്കിന് വരുന്നത് വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നതെന്ന് ജനപ്രതിനിധികളും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.
കടുത്തുരുത്തി- പെരുവ റോഡിൽ കൈലാസ് ഹോട്ടലിന് മുമ്പിൽ പൈപ്പുപൊട്ടി വെള്ളം റോഡിൽ നിറഞ്ഞൊഴുകി. വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ടായി.
ഒടുവിൽ ജല അതോറിറ്റി ജീവനക്കാരെത്തി വാൽവ് പൂട്ടിയതോടെയാണ് വെള്ളമൊഴുക്ക് നിലച്ചത്. ഇതിനുസമീപം 300 മീറ്ററിനപ്പുറം ദൂരത്ത് പൊട്ടിയ പൈപ്പ് നന്നാക്കിയശേഷം കൂഴി മൂടാതെ ജല അതോറിറ്റി ജീവനക്കാർ മുങ്ങിയെന്ന പരാതി ഉയർന്നിരുന്നു. മാതൃഭൂമി ഈ സംഭവം വാർത്തയാക്കിയശേഷമാണ് കുഴി മൂടി വെട്ടിപ്പൊളിച്ച ഭാഗം നന്നാക്കിയത്. കല്ലറ പഞ്ചായത്തിലെ എക്കമ്മ, കൊടുതുരുത്ത്, മണിയംതുരുത്ത് എന്നിവിടങ്ങളിലും പൈപ്പ് പൊട്ടൽ വ്യാപകമാണ്. ജല അതോറിറ്റി ഓഫീസിൽ പൈപ്പ് പൊട്ടിയ വിവരം വിളിച്ചറിയിച്ചാൽ പോലും കാര്യമായ നടപടികൾ ഉണ്ടാകാറില്ലാന്ന് കല്ലറ ഗ്രാമപ്പഞ്ചായത്തംഗം അരവിന്ദ് ശങ്കർ പറഞ്ഞു. 15 ദിവസം കൂടുമ്പോൾ ഒരുദിവസം എന്ന കണക്കിനാണ് കല്ലറയിൽ പൈപ്പ് വെള്ളമെത്തുന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു.
കീഴൂർ- രാജൻകവല മുതൽ-അറുന്നൂറ്റിമംഗലം- കടുത്തുരുത്തി മാർക്കറ്റ് വരെയുള്ള ഭാഗത്തുനിലവിൽ ഇട്ടിരിക്കുന്ന പി.വി.സി. പൈപ്പ് മാറ്റി ഡക്‌റ്റൈൽ അയൺ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കടുത്തുരുത്തി ജല അതോറിറ്റി അസി. എൻജിനീയർ മഞ്ജു വേലായുധൻ പറഞ്ഞു. പൈപ്പുകളുടെ കാലപ്പഴക്കത്തിനൊപ്പം ടോറസ് ലോറികളുടെ അമിത ഓട്ടവും പൈപ്പുകൾ തകരാൻ പലയിടത്തും കാരണമാകുന്നുണ്ടെന്നും എ.ഇ. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..