മിനിലോറിയിടിച്ച ടാങ്കർ ലോറി റോഡരികിലേക്ക് മാറ്റിയിട്ടപ്പോൾ
കടുത്തുരുത്തി : ഇന്ധനവുമായി പോയ ടാങ്കർ ലോറിക്കു പിന്നിൽ നിയന്ത്രണംവിട്ട മിനിലോറി ഇടിച്ച് അപകടം. ടാങ്കറിൽനിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഏറ്റുമാനൂർ-എറണാകുളം റോഡിൽ ശനിയാഴ്ച രാവിലെ 11-ന് മുട്ടുചിറ പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. പാഴ്‌സൽ സർവീസ് നടത്തുന്ന മിനി ലോറിയുടെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണം. കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്നു ടാങ്കർ ലോറി.
അഗ്നിരക്ഷാസേനയെത്തിയാണ് അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങളുമായി കോർത്ത് കുടുങ്ങിയ ഭാഗം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി ഇരുവാഹനങ്ങളും വഴിയിൽ നിന്ന് നീക്കിയത്. റോഡിൽവീണ ഓയിലും ചില്ല് കഷണങ്ങളും അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി. തൃപ്പൂണിത്തുറ ഇരുമ്പനത്തുനിന്ന് ചപ്പാത്തിലേക്ക് ഇന്ധനവുമായി പോയ ടാങ്കർ ലോറിയുടെ പുറകിലാണ് പാഴ്സൽ ലോറി ഇടിച്ചത്. ടാങ്കർ ലോറിയിൽ ഇടിക്കാതിരിക്കാൻ പാഴ്‌സൽ ലോറിയുടെ ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റി. ഇതിനിടെ എതിർദിശയിൽനിന്ന് വന്ന കാറിലിടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചതോടെ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.
ആലുവയിൽനിന്ന് കോട്ടയത്തേക്ക് മൾട്ടിവുഡുമായി പോവുകയായിരുന്നു പാഴ്സൽ മിനിലോറി. 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലും ടാങ്കർ ലോറിയിലുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് ടാങ്കറിന്റെ ഒരു വശം അകത്തേക്കുചുളിഞ്ഞു. ടാങ്കറിന്റെ പുറകുവശം ഭാഗികമായി തകർന്നു.
പോലീസ് സ്ഥലത്തെത്തിയാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്. കടുത്തുരുത്തി ഫയർ സ്റ്റേഷൻ ഓഫീസർ കെ.കലേഷ്‌കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..