ഈരാറ്റുപേട്ട : കോവിഡ് ലോക്ഡൗൺ സമയത്ത് നിർത്തലാക്കിയ കോട്ടയം- പുള്ളിക്കാനം ബസ് വീണ്ടും സർവീസ് ആരംഭിക്കുന്നു.
ഞായറാഴ്ച നാലിന് ഈരാറ്റുപേട്ട ഡിപ്പോ അങ്കണത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ബസിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും. കോട്ടയത്തുനിന്ന് കിഴക്കൻ മേഖലയിലേക്കുള്ള ആദ്യ കെ.എസ്.ആർ.ടി.സി. ബസാണിത്.
1971-ൽ കോട്ടയം-വാഗമൺ എന്ന പേരിലാണ് ബസ് സർവീസ് ആരംഭിച്ചത്. ഈ ബസ് ഈരാറ്റുപേട്ടയിലൂടെ കടന്നുപോയ ആദ്യ കെ.എസ്.ആർ.ടി.സി. ബസാണ്. പത്രവണ്ടി, മെയിൽ വണ്ടി എന്ന പേരുകളിലറിയപ്പെട്ടിരുന്ന പുള്ളിക്കാനം ബസ് കോട്ടയത്തുനിന്ന് രാവിലെ എടുത്താൽ നിറയെ പത്രക്കെട്ടുകളായിരുന്നു. ഏറ്റുമാനൂർ മുതൽ പുള്ളിക്കാനം വരെയുള്ള സ്ഥലങ്ങളിലേക്കുള്ള പത്രവും കൊണ്ടായിരുന്നു വരവ്. തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എത്തിക്കുന്നതും ഈ ബസ് തന്നെ. ആദ്യം കോട്ടയം ഡിപ്പോയും പിന്നീട് പാലാ ഡിപ്പോയും, ഇപ്പോൾ ഈരാറ്റുപേട്ട ഡിപ്പോയുമാണ് ഈ ബസ് സർവീസ് നടത്തുന്നത്.
1970-ൽ വാഗമൺ റൂട്ടിലോടിയിരുന്ന സ്വകാര്യ ബസ് 8.30-നു വാഗമണ്ണിൽ നിന്ന് ഈരാറ്റുപേട്ടയിലേക്കുള്ള ട്രിപ്പ് നിർത്തലാക്കി. അതുമൂലം വെള്ളികുളം സ്‌കൂളിലെ കുട്ടികൾക്കടക്കം യാത്രാസൗകര്യം ഇല്ലാതായി.
വെള്ളികുളം സ്‌കൂളിലെ പ്രഥമാധ്യാപകന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം ആളുകൾ ഒരു കെ.എസ്.ആർ.ടി.സി. സർവീസിനായി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.
അന്നത്തെ പൂഞ്ഞാർ എം.എൽ.എ.യും സംസ്ഥാന ഗതാഗതമന്ത്രിയുമായിരുന്ന കെ.എം. ജോർജിനെ കണ്ട് വിവരം ധരിപ്പിക്കുകയും, അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ട് കോട്ടയം ഡിപ്പോയിൽനിന്ന് വാഗമണിലേക്ക് ബസ് ആരംഭിച്ചു.
പുള്ളിക്കാനം എസ്‌റ്റേറ്റ് തൊഴിലാളികളുടെ സൗകര്യാർത്ഥം ബസ് പിന്നീട് പുള്ളിക്കാനത്തേക്ക് നീട്ടുകയാണുണ്ടായത്. സർവീസ് നിന്നുപോവാതിരിക്കാനായി യാത്രചെയ്യാതെ വഴിവക്കിൽനിന്ന് ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നു എന്നു പഴമക്കാർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..