പഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗികവാഹനം ഉപയോഗിച്ചിട്ട് മൂന്നുമാസം


ഡ്രൈവർ താക്കോലുമായി പോയതിലെ പ്രതിഷേധം

കടുത്തുരുത്തി: ഡ്രൈവർ താക്കോലുമായി പോയതിൽ പ്രതിഷേധിച്ചു മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ ഔദ്യോഗിക വാഹനത്തിൽ കയറാതെ മാറിനിൽക്കാൻ തുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടു. ഓട്ടോറിക്ഷയിൽ സ്വന്തം പൈസ മുടക്കിയാണ് നിലവിൽ പ്രസിഡന്റിന്റെ യാത്ര. ഡ്രൈവർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കുംവരെ ഔദ്യോഗിക വാഹനം ഉപയോഗിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ. സംഭവത്തിൽ തന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് ഡ്രൈവറായ കൊല്ലം ചടയമംഗലം സ്വദേശി പി.പ്രവീണിന്റെ വാദം. വ്യക്തിപരമായ ആവശ്യം ഉണ്ടായപ്പോൾ പഞ്ചായത്തധികാരികളെ അറിയിച്ചശേഷമാണ് കൊല്ലത്തെ വീട്ടിലേക്ക് പോയതെന്ന് പി.പ്രവീൺ പറയുന്നു.

കഴിഞ്ഞ ഒക്ടോബർ 30-ന് മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും മറ്റു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാൻ വേണ്ടിയാണ് പ്രസിഡന്റ് പഞ്ചായത്ത് ഓഫീസിൽ എത്തിയത്‌. വാഹനം എത്താത്തതിനാൽ തിരക്കിയപ്പോഴാണ് വാഹനത്തിന്റെ താക്കോലുമായി ഡ്രൈവർ വീട്ടിൽ പോയെന്നും, പിറ്റേന്ന് ഇയാൾ അവധിയിൽ പ്രവേശിച്ചെന്നും അറിയുന്നതെന്ന് കോമളവല്ലി രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യമറിയാതെ ഏറേസമയം ഓഫീസിൽ കാത്തിരുന്നുവെന്നും പ്രസിഡന്റ് പറയുന്നു. ഇതുസംബന്ധിച്ച് അന്നുതന്നെ ഉന്നത അധികാരികൾക്ക് പരാതി നൽകിയിരുന്നതായും കോമളവല്ലി പറഞ്ഞു. പ്രസിഡന്റ് നൽകിയ പരാതിയിൽ സെക്രട്ടറി പ്രവീണിന്റെ വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം പഞ്ചായത്ത് കമ്മിറ്റി തള്ളിക്കളഞ്ഞു. കൂടുതൽ നടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിക്ക്‌ നിർദേശം നൽകി. ഇതിനിടെ പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറി പോയി. പുതിയ സെക്രട്ടറി എത്തിയെങ്കിലും തുടർ നടപടികളിലേക്ക് കടന്നിട്ടില്ല.

പഞ്ചായത്ത് വാഹനം ഔദ്യോഗികാവിശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ളവർ ജോലിയിൽ പ്രവേശിച്ചപ്പോൾതന്നെ തനിക്കുനിർദേശം നൽകിയിരുന്നു. ഇത് പാലിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്നും ഡ്രൈവർ പറയുന്നു. പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിന് രണ്ട് താക്കോലുകളാണുള്ളത്. ഇതിലൊന്ന് വാഹനത്തിന്റെ കസ്റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറിയുടെ പക്കലും മറ്റൊന്ന് ഡ്രൈവറുടെ പക്കലുമാണുള്ളത്. പെട്ടെന്ന് വീട്ടിലേക്കു പോകേണ്ട സാഹചര്യമുണ്ടായതുകൊണ്ടാണ് അന്ന് താക്കോൽ കൊടുക്കാൻ കഴിയാതിരുന്നതെന്ന് പ്രവീൺ പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..