• വാലാച്ചിറയിലെ കന്നുകാലി ഫാം
കടുത്തുരുത്തി : ക്ഷീരകർഷകനെ സഹായിക്കാനെന്ന പേരിൽ സർക്കാർ പാൽ വില വർധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല. ഇടനിലക്കാർക്കും ക്ഷീരസംഘങ്ങൾക്കുമാണ് ഇതിലൂടെ വൻലാഭം ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.
ലിറ്ററിന് ആറ് രൂപയുടെ വർധനയാണ് നടപ്പാക്കിയിരിക്കുന്നത്. സംഘത്തിൽ പാൽ നൽകുന്ന കർഷകന് 3.5 ഫാറ്റും എട്ട് എസ്.എം.എഫും. കാണിക്കുന്ന പാലിന് 40.04 രൂപയാണ് സൊസൈറ്റികളിൽനിന്ന് ലഭിക്കുന്നത്.
എന്നാൽ, ഇതേപാൽ സൊസൈറ്റിയിൽനിന്ന് പാത്രവുമായെത്തി വാങ്ങുന്നയാൾക്ക് വിൽക്കുന്നത് 56 രൂപയ്ക്കാണ്. കവറിലാക്കിയാണ് പാൽ നൽകുന്നതെങ്കിൽ വിലയായി 58 രൂപ നൽകണം. ക്ഷീരകർഷകനിൽനിന്ന് വാങ്ങുന്ന ഒരുലിറ്റർ പാൽ, ഒന്നുംചെയ്യാതെ അവിടെതന്നെ ഉപയോക്താവിന് മറിച്ചുവിൽക്കുമ്പോൾ സൊസൈറ്റികൾക്ക് ലഭിക്കുന്ന ലാഭം 15.96 രൂപയാണ്.
എൺപതിനായിരം മുതൽ ഒരു ലക്ഷത്തോളം വിലനൽകി പശുവിനെ വാങ്ങി പുല്ലും കാലിത്തീറ്റയും കാത്സ്യവും ഉൾപ്പെടെയുള്ള തീറ്റകൾ നൽകുകയും വൈദ്യുതി നിരക്ക്, പണിക്കൂലി, ഇന്ധനച്ചെലവ് തുടങ്ങി സർവ ചെലവും വഹിക്കുന്ന കർഷകന് വേണ്ടത്ര പ്രയോജനം പാൽവിലയിൽനിന്ന് ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ശുദ്ധമായ പാൽ നാട്ടുകാർക്ക് ലഭ്യമാക്കുന്ന ക്ഷീരകർഷകനെ നിലനിർത്താൻ സർക്കാർതലത്തിൽ നടപടികളുണ്ടാകണമെന്ന് 15 വർഷമായി ക്ഷീരകാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വാലാച്ചിറ നിലപ്പന എൻ.എസ്. കുര്യൻ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..